വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാളെ മൂന്ന് ജില്ലകളില്‍

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
 | 
വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാളെ മൂന്ന് ജില്ലകളില്‍

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തി. ഞായറാഴ്ച മൂന്ന് ജില്ലകളിലും റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് ആയിരിക്കും. ഈ ജില്ലകൡ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

നിലവില്‍ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ഓഗസ്റ്റ് 9 ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓഗസ്റ്റ് 10 തിങ്കളാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.