അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല് മൂന്ന് ജില്ലകളില് റെഡ് അലര്ട്ട്
 | 
അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നതിനാല്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ദുരന്തസാധ്യതയുള്ള മേഖലകളില്‍ ഉള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ നിര്‍ദേശമുണ്ട്. മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തും.

തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട ന്യോള്‍ ചുഴലിക്കാറ്റാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി വരുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ കടലില്‍ കാറ്റിന്റെ വേഗം 50 മുതല്‍ 555 കിലോമീറ്റര്‍ വരെ വേഗതയിലാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു.