റീ-പോളിംഗ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കനത്ത സുരക്ഷ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും നടക്കുന്നത് ഞായറാഴ്ച്ചയാണ്.
 | 
റീ-പോളിംഗ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കനത്ത സുരക്ഷ

കണ്ണൂര്‍: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ ഞായറാഴ്ച്ച റീപോളിംഗ് നടക്കും. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. റീ-പോളിംഗ് ആയതിനാല്‍ നടുവിരലിലാവും മഷി പുരട്ടുക. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും നടക്കുന്നത് ഞായറാഴ്ച്ചയാണ്.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വമാണ് പുറത്തുവിട്ടത്. ഇതോടെ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ച് ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. അതേസമയം പ്രത്യാരോപണങ്ങളുമായി സിപിഎമ്മും രംഗത്ത് വന്നതോടെ കൂടുതല്‍ കള്ളവോട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തതായി തെളിവ് സഹിതം സിപിഎം പരാതി നല്‍കി.

നിലവില്‍ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ പുതിയറയിലെ 48-ാം നമ്പര്‍ ബൂത്ത് എന്നീ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. കണ്ണൂര്‍ ജില്ലാ കളക്ടറാണ് തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. നാല് ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് കള്ളവോട്ടിന്റെ പേരില്‍ റീ-പോളിംഗ് നടക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.