പൊലീസ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസുകാരന്‍ പിടിയില്‍

പൊലീസ് പിക്കറ്റ് പോസ്റ്റായിരുന്നില്ല തന്റെ ലക്ഷ്യമെന്നും സമീപത്തുള്ള കതിരൂര് മനോജ് സേവാകേന്ദ്രത്തിന് നേരെയാണ് ബോംബെറിയാന് ശ്രമിച്ചതെന്നും ഇയാള് കുറ്റം സമ്മതം നടത്തിയിട്ടുണ്ട്.
 | 
പൊലീസ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസുകാരന്‍ പിടിയില്‍

കതിരൂര്‍: പൊലീസ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസുകാരന്‍ പിടിയില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞ ദിവസങ്ങളായി കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കതിരൂരിനടുള്ള പൊന്ന്യം നായര്‍ റോഡിലെ പൊലീസ് പിക്കറ്റിന് നേരെയാണ് പ്രതി സ്റ്റീല്‍ ബോംബ് എറിഞ്ഞത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ജനുവരി 16-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രതി ബോംബെറിഞ്ഞതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് പിക്കറ്റ് പോസ്റ്റായിരുന്നില്ല തന്റെ ലക്ഷ്യമെന്നും സമീപത്തുള്ള കതിരൂര്‍ മനോജ് സേവാകേന്ദ്രത്തിന് നേരെയാണ് ബോംബെറിയാന്‍ ശ്രമിച്ചതെന്നും ഇയാള്‍ കുറ്റം സമ്മതം നടത്തിയിട്ടുണ്ട്.

നിലവില്‍ പത്തിലധികം കേസുകളില്‍ പ്രതിയാണ് പ്രബേഷ്. രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാക്കാനാണ് പ്രബേഷ് മനപൂര്‍വ്വം സ്വന്തം സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനാണ് ഇയാള്‍.