ശബരിമലയിലെ യുവതീ പ്രവേശനം; വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി

ശബരിമലയിലെ യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി.
 | 
ശബരിമലയിലെ യുവതീ പ്രവേശനം; വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ഈ പരാമര്‍ശം നടത്തിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് ഈ നിരീക്ഷണം. ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ പരാമര്‍ശം നടത്തിയത്.

യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ഹര്‍ജി. ഇത് വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായത്. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് തന്നെയാണ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കും. ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്ന കാര്യത്തിലും ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.

ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കില്ലെന്ന് പോലീസ് നിലപാട് എടുത്തതോടെയാണ് ബിന്ദു അമ്മിണി കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം പോകുന്നതിന് സംരക്ഷണം നല്‍കണമെന്ന് കോച്ചി സിറ്റി പോലീസ് കമ്മീഷണറെയാണ് ബിന്ദു അമ്മിണി സമീപിച്ചത്. കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ബിന്ദുവിന് നേരെ ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചിരുന്നു.