എസ്‌ഐയുടെ ആത്മഹത്യ ജോലി സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരുടെ പീഡനവും മൂലമെന്ന് ആത്മഹത്യാക്കുറിപ്പ്

പോലീസ് അക്കാഡമിയിലെ എസ്ഐ ആയിരുന്ന അനില്കുമാറിന്റെ ആത്മഹത്യക്ക് കാരണം ജോലി സമ്മര്ദ്ദവും സഹപ്രവര്ത്തകരുടെ പീഡനവുമെന്ന് ആത്മഹത്യാക്കുറിപ്പ്.
 | 
എസ്‌ഐയുടെ ആത്മഹത്യ ജോലി സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരുടെ പീഡനവും മൂലമെന്ന് ആത്മഹത്യാക്കുറിപ്പ്

ഇടുക്കി: പോലീസ് അക്കാഡമിയിലെ എസ്‌ഐ ആയിരുന്ന അനില്‍കുമാറിന്റെ ആത്മഹത്യക്ക് കാരണം ജോലി സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരുടെ പീഡനവുമെന്ന് ആത്മഹത്യാക്കുറിപ്പ്. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എഎസ്‌ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസികപീഡനം സഹിക്കാന്‍ വയ്യാതെയാണ് താന്‍ മരിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇയാള്‍ നടത്തിയ സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

തൃശൂര്‍ പോലീസ് അക്കാഡമിയില്‍ ക്യാന്റീന്‍ ചുമതല വഹിക്കുകയായിരുന്നു അനില്‍കുമാര്‍. ഇതിന്റെ ഭാരം താങ്ങാനാകുന്നില്ല. ഇതിനിടെ എഎസ്‌ഐ രാധാകൃഷ്ണന്‍ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്. രാധാകൃഷ്ണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഈ പണം തിരിമറി നടത്തിയതില്‍ അന്വേഷണം വേണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെടുന്നു. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് അനില്‍കുമാറിനെ ഇടുക്കി, കട്ടപ്പന, വാഴവരയിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനില്‍കുമാറിന് കൃത്യമായി അവധി പോലും കിട്ടിയിരുന്നില്ലെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയ്ക്ക് അസുഖമായപ്പോള്‍ പോലും ലീവ് കൊടുത്തില്ല. സഹപ്രവര്‍ത്തകര്‍ കാരണം ക്യാന്റീന്‍ നടത്തിപ്പില്‍ നഷ്ടം ഉണ്ടായി. പോലീസ് അക്കാദമിയില്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞിരുന്നെന്നും സഹോദരന്‍ പറഞ്ഞു.

അനില്‍കുമാറിന്റെ ആത്മഹത്യ സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് പുറത്തായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിരുന്നു.