എം.ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി

ഐടി സെക്രട്ടറി എം.ശിവശങ്കര് ദീര്ഘകാല അവധിയിലേക്ക്.
 | 
എം.ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി

തിരുവനന്തപുരം: ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലേക്ക്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ശിവശങ്കര്‍ അവധിക്ക് അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ ഇന്ന് രാവിലെ നീക്കിയിരുന്നു. എന്നാല്‍ ഐടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നില്ല. ആറ് മാസത്തെ അവധിക്കാണ് ഇദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യ ആസൂത്രകയെന്ന് കണ്ടെത്തിയ സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ നിയമനം നല്‍കിയ വിഷയത്തിലാണ് ശിവശങ്കറിനെതിരെ നടപടിയുണ്ടായത്. ക്രൈം ബ്രാഞ്ച് കേസില്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് വിധേയയായ ഒരാള്‍ക്ക് നിയമനം ലഭിച്ചത് എങ്ങനെയാണെന്ന ചോദ്യമാണ് ഉയര്‍ന്നത്. സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഐടി വകുപ്പില്‍ നടന്ന നിയമനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.