ജസ്റ്റിസ് പി.സദാശിവത്തെ കേരളാ ഗവർണറാക്കുന്നത് ഉചിതമാണോയെന്ന് സുധീരൻ

സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവം ഗവർണറാകുന്നത് ഉചിതമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. രാഷ്ട്രപതിക്കു പോലും സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ഉന്നത പദവി വഹിക്കുന്ന ചീഫ് ജസ്റ്റിസ് തന്നെ രാഷ്ട്രപതിയുടെ കീഴിൽ ഗവർണർ പദവിയിലെത്തുന്നത് ശരിയല്ല.
 | 
ജസ്റ്റിസ് പി.സദാശിവത്തെ കേരളാ ഗവർണറാക്കുന്നത് ഉചിതമാണോയെന്ന് സുധീരൻ

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവം ഗവർണറാകുന്നത് ഉചിതമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. രാഷ്ട്രപതിക്കു പോലും സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ഉന്നത പദവി വഹിക്കുന്ന ചീഫ് ജസ്റ്റിസ് തന്നെ രാഷ്ട്രപതിയുടെ കീഴിൽ ഗവർണർ പദവിയിലെത്തുന്നത് ശരിയല്ല.

ഇത് ഉചിതമാണോ എന്ന് ഓരോരുത്തരും പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരള ഗവർണറാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സുധീരന്റെ പ്രതികരണം. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായാണു സൂചന. ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിലും സമാന അഭിപ്രായം ഉയർന്നു. മുൻ ചീഫ് ജസ്റ്റിസിനെ ഗവർണറാക്കുന്നത് ശരിയായ നിലപാടെല്ലെന്നാണ് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടത്.

2007-ൽ സുപ്രീംകോടതി ജഡ്ജിയായ സദാശിവം 2013 ജൂലൈയിലാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2014 ലാണ് അദ്ദേഹം വിരമിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന കാലയളവിൽ പല നിർണായക വിധികളും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വോട്ടു നൽകാൻ താൽപര്യമില്ലെങ്കിൽ നിഷേധവോട്ടിന് അവസരം നൽകി വോട്ടിംഗ് യന്ത്രത്തിൽ നോട്ട സൗകര്യമൊരുക്കാൻ നിർദേശിച്ചത് ജസ്റ്റിസ് പി.സദാശിവമായിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നവരെ ഗവർണറായി നിയമിക്കുന്ന കീഴ്‌വഴക്കമില്ല.