പരാജയപ്പെട്ട മദ്യ നയം വീണ്ടും പരീക്ഷിക്കുന്നതെന്തിനെന്ന് സുപ്രീം കോടതി

പരാജയപ്പെട്ട മദ്യ നയം പരീക്ഷിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് സുപ്രീം കോടതി. സമ്പൂർണ മദ്യനിരോധനം പല സംസ്ഥാനങ്ങളിലും നടത്തി പരാജയപ്പെട്ടതാണ്. കേരളത്തിലും മുൻപ് സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ച് പിന്നീട് പിൻവലിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
 | 
പരാജയപ്പെട്ട മദ്യ നയം വീണ്ടും പരീക്ഷിക്കുന്നതെന്തിനെന്ന് സുപ്രീം കോടതി

 

ന്യൂഡൽഹി: പരാജയപ്പെട്ട മദ്യ നയം പരീക്ഷിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് സുപ്രീം കോടതി. സമ്പൂർണ മദ്യനിരോധനം പല സംസ്ഥാനങ്ങളിലും പരാജയപ്പെട്ടതാണ്. കേരളത്തിലും മുൻപ് സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ച് പിന്നീട് പിൻവലിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം സമ്പൂർണ മദ്യനിരോധനമാണ്. അത് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞപ്പോഴാണ് കോടതി ചോദ്യം ഉന്നയിച്ചത്. മദ്യനയം നടപ്പാക്കുന്നതിന് മുൻപ് സർക്കാർ ആവശ്യമായ പഠനം നടത്തിയിരുന്നോ എന്നും കോടതി ചോദിച്ചു.

സംസ്ഥാനത്ത് യുവാക്കൾ അമിതമായി മദ്യത്തിന് അടിമകളാകുന്ന സാഹചര്യമാണുള്ളത്. മദ്യഉപഭോഗം കൂടുന്നതായി ശ്രദ്ധയിൽപെട്ടാൽ ഫൈവ് സ്റ്റാർ ബാറുകളും പൂട്ടും. മദ്യനയം ഫലപ്രദമായില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും ബാർ ലൈസൻസുകൾ അനുവദിക്കുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ കുടിക്കുന്ന മദ്യത്തിന്റെ വീര്യമല്ല, അളവാണ് പ്രശ്‌നമെന്നും ബാർ ലൈസൻസ് അനുവദിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്നും സുപ്രീം കോടതി ഹർജി പരിഗണിക്കവെ പറഞ്ഞു. വിധി സർക്കാരിനേറ്റ കനത്ത പ്രഹരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.