
ആലപ്പുഴ: വിജിലന്‍സിലും ബിജെപിക്കാരാണെന്നാണ് പറയുന്നതെങ്കില് മുഖ്യമന്ത്രി രാജിവെച്ചിട്ട് ആ കസേര മൂന്ന് മാസത്തേക്ക് തന്നെ ഏല്പിക്കുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രന്‍. ബിജെപി ബന്ധമുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരാണ് കെഎസ്എഫ്ഇ റെയ്ഡിന് പിന്നിലെന്ന ധനവകുപ്പിന്റെ ആരോപണം സംബന്ധിച്ചാണ് പ്രതികരണം. താന്‍ വാ പോയ കോടാലിയാണെങ്കില്‍ ഐസക് ജനങ്ങളുടെ കടയ്ക്കല്‍ കത്തി വെയ്ക്കുന്ന കൈക്കോടാലിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. തന്റെ വകുപ്പില്‍ നടക്കുന്ന എല്ലാ അഴിമതി കേസുകളും തോമസ് ഐസക് അട്ടിമറിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ട്രഷറി തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് തോമസ് ഐസക്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടു.
കിഫ്ബിയുമായി ബന്ധപ്പെട്ട് എല്ലാറ്റിലും അഴിമതിയാണ്. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസകിനെ വേട്ടയാടുന്നത്. അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെഎസ്എഫ്ഇയില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.