നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മജിസ്‌ട്രേറ്റിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില് രാജ്കുമാറിനെ റിമാന്ഡ് ചെയ്ത മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്ട്ട്.
 | 
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മജിസ്‌ട്രേറ്റിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്തിയത്.

ഇടുക്കി മജിസ്‌ട്രേറ്റ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തതില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്തില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് രാജ്കുമാറിനെ ഹാജരാക്കിയത്. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് പോലീസിനോട് വിശദീകരണം ചോദിച്ചില്ല. ഹാജരാക്കുന്നതിന് മുന്‍പായി രാജ്കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ രേഖകള്‍ മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല.

വെളിച്ചമില്ലാത്ത സ്ഥലത്ത് വെച്ചാണ് രാജ്കുമാറിനെ മജിസ്‌ട്രേറ്റ് കണ്ടത്. വീട് വരെ വാഹനം എത്തുമായിരുന്നിട്ടും രാജ്കുമാറിനെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയാണ് പരിശോധിച്ചത്. അത് കാരണമാണ് രാജ്കുമാറിന്റെ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നത്. നേരത്തേയും രശ്മി രവീന്ദ്രന്റെ ഭാഗത്ത് നിന്ന് സമാന വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാളിയാര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ ഹാജരാക്കിയപ്പോഴും പരിശോധനയില്‍ വീഴ്ചയുണ്ടായി. ഇതില്‍ മജിസ്‌ട്രേറ്റിന് ജാഗ്രതക്കുറവുണ്ടായെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.