യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം; ലുക്കൗട്ട് നോട്ടീസിലെ മൂന്ന് പേര്‍ പിടിയില്‍

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസില് മൂന്ന് പ്രതികള് പിടിയില്.
 | 
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം; ലുക്കൗട്ട് നോട്ടീസിലെ മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവര്‍.

ഇതുവരെ നാലുപേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് പ്രധാന പ്രതികളുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം, അമര്‍, ഇബ്രാഹീം, രഞ്ജിത്ത് എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ഇജാബിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കേസില്‍ പ്രതിചേര്‍ത്ത 30 പ്രതികളില്‍ ഒരാളാണ് ഇജാബ്. യൂണിറ്റ് കമ്മിറ്റിയംഗമായ ഇയാളെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്തതില്‍ പോലീസിന് നേരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.