തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇ പോലീസ് അറസ്റ്റ് ചെയ്തു

പത്തുവര്ഷം മുന്പ് നല്കിയ ചെക്ക് അസാധുവാണെന്നാണ് തുഷാറിന്റെ വാദം. എന്നാല് ഇത് യു.എ.ഇ കോടതിയില് വിലപോകില്ല
 | 
തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇ പോലീസ് അറസ്റ്റ് ചെയ്തു

അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍.  പത്ത് വര്‍ഷം മുന്‍പ് വണ്ടിച്ചെക്ക് നല്‍കിയ സംഭവത്തിലാണ് അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് നടപടി. പത്ത് മില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്കാണ് തുഷാര്‍ വെള്ളാപ്പള്ളി മുന്‍ബിസിനസ് പങ്കാളി കൂടിയായ നാസിലിന് നല്‍കിയത്. ഇയാളുമായി ചേര്‍ന്ന് മുന്‍പ് യു.എ.ഇ ആസ്ഥാനമായി ബോയിംഗ് എന്ന പേരില്‍ തുഷാര്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു.

കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. എന്നാല്‍ കമ്പനി പൊട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മുങ്ങി. ഈ സമയത്ത് നാസിലിന് ഏതാണ്ട് പത്തൊമ്പതര കോടി രൂപയുടെ ചെക്ക് തുഷാര്‍ കൈമാറിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം ലഭിക്കാന്‍ നാസില്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. സ്വാധീനം ഉപയോഗിച്ച് തുഷാര്‍ പണം തരാതിരിക്കാന്‍ ശ്രമിച്ചതായി നാസില്‍ ആരോപിക്കുന്നു.

സ്വദേശിയായ വ്യക്തിയുടെ മധ്യസ്ഥതയില്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് നാസില്‍ വെള്ളാപ്പള്ളിയെ അജ്മാനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതേസമയം പത്തുവര്‍ഷം മുന്‍പ് നല്‍കിയ ചെക്ക് അസാധുവാണെന്നാണ് തുഷാറിന്റെ വാദം. എന്നാല്‍ ഇത് യു.എ.ഇ കോടതിയില്‍ വിലപോകില്ലെന്നാണ് റിപ്പോര്‍ട്ട്.