അശ്ലീല യുട്യൂബര്‍ വിജയ് പി. നായര്‍ പോലീസ് കസ്റ്റഡിയില്‍

അശ്ലീല വീഡിയോ ബ്ലോഗര് വിജയ് പി.നായര് പോലീസ് കസ്റ്റഡിയില്
 | 
അശ്ലീല യുട്യൂബര്‍ വിജയ് പി. നായര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: അശ്ലീല വീഡിയോ ബ്ലോഗര്‍ വിജയ് പി.നായര്‍ പോലീസ് കസ്റ്റഡിയില്‍. കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച ഉച്ചയ്ക്ക് മുറിയില്‍ നിന്ന് പോയതാണെന്നും അതിന് ശേഷം തിരിച്ചെത്തിയില്ലെന്നുമാണ് ഒപ്പം താമസിക്കുന്നവര്‍ അറിയിച്ചത്. പിന്നീട് കല്ലിയൂരിലെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരായ പരാതിയില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈടെക് സെല്ലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. ഐടി ആക്ടിന്റെ 67, 67എ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്താമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഹൈടെക് സെല്ലില്‍ നിന്ന് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡിസിപി മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

വിജയ് പി. നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയാണ് പരാതി നല്‍കിയത്. നേരത്തേ ശ്രീലക്ഷ്മി അറയ്ക്കലും ബിന്ദു അമ്മിണിയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ നല്‍കിയ പരാതിയില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്തിരുന്നു. ഇതാണ് വിവാദമായത്.