വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവും പിഴയും

വിതുര പെണ്വാണിഭക്കേസില് ഒന്നാം പ്രതിയായ സുരേഷിന് 24 വര്ഷം കഠിന തടവും പിഴയും ശിക്ഷ
 | 
വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവും പിഴയും

കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതിയായ സുരേഷിന് 24 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. 1,09,000 രൂപ പിഴയും പ്രതി ഒടുക്കണം. ഈ തുക പെണ്‍കുട്ടിക്ക് നല്‍കാന്‍ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.

വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് കടയ്ക്കല്‍ സ്വദേശിയായ സുരേഷിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്തിരുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മറ്റുള്ളവര്‍ക്ക് കാഴ്ചവെയ്ക്കല്‍, വേശ്യാലയം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ നടത്തിയതായി തെളിഞ്ഞിരുന്നു.

1996ലാണ് വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ടു പോയി തടങ്കലിലാക്കി പലര്‍ക്കും കാഴ്ചവെച്ചത്. കേസില്‍ നടന്‍ ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു. ഇനി 23 കേസുകളില്‍ കൂടി നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്.