‘ഇനിയെങ്കിലും കുടുംബക്കാരേക്കാള്‍ നാട്ടുകാര്‍ ജയരാജന്റെ മുന്‍ഗണന ആകട്ടെ’; പരിഹാസവുമായി ബല്‍റാം

ബന്ധുനിയമന വിവാദത്തെത്തുടര്ന്ന് രാജിവെച്ച ഇ.പി. ജയരാജന് മന്ത്രിസഭയിലേക്ക് തിരികെ വന്നതിന് പരിഹസിച്ച് കോണ്ഗ്രസ് എം.എല്.എ വി.ടി ബല്റാം. ഇനിയെങ്കിലും കുടുംബക്കാരേക്കാള് നാട്ടുകാരുടെ നന്മ അദ്ദേഹത്തിന്റെ മുന്ഗണന ആകട്ടെ എന്നാശംസിക്കുന്നതായി ബല്റാം ഫെയിസ്ബുക്കില് കുറിച്ചു.
 | 

‘ഇനിയെങ്കിലും കുടുംബക്കാരേക്കാള്‍ നാട്ടുകാര്‍ ജയരാജന്റെ മുന്‍ഗണന ആകട്ടെ’; പരിഹാസവുമായി ബല്‍റാം

കൊച്ചി: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരികെ വന്നതിന് പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ഇനിയെങ്കിലും കുടുംബക്കാരേക്കാള്‍ നാട്ടുകാരുടെ നന്മ അദ്ദേഹത്തിന്റെ മുന്‍ഗണന ആകട്ടെ എന്നാശംസിക്കുന്നതായി ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു.

ജയരാജന്‍ പുറത്തുപോവാനുണ്ടായ ബന്ധുനിയമനം വിവാദം സത്യമാണെന്നിരിക്കെ എന്തുകൊണ്ട് അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയിലെടുത്തുവെന്ന് ബല്‍റാം ചോദിക്കുന്നു. കൂടുതല്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമ കോര്‍പ്പറേഷന്റേയും പിന്നാക്ക സമുദായ കോര്‍പ്പറേഷന്റേയും ചെയര്‍മാന് നല്‍കാത്ത കാബിനറ്റ് പദവി സവര്‍ണ്ണ തമ്പ്രാന് നല്‍കുന്നത് എത്ര വലിയ അശ്ലീലമാണെന്നും അദ്ദേഹം ചോദിച്ചു.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

“യുഡിഎഫല്ല എൽഡിഎഫ്, കോൺഗ്രസ്സല്ല സിപിഎം”

സൈബർ പോരാളികളായ ചില മാധ്യമ പ്രവർത്തകർ പറഞ്ഞ് പിന്നീട് പിണറായി വിജയൻ ആവർത്തിച്ച വാക്കുകളാണിത്. ഇപി ജയരാജൻ എന്ന സിപിഎം മന്ത്രി അഴിമതിക്ക് തുല്യമായ സ്വജനപക്ഷപാത വിഷയത്തിൽ കയ്യോടെ പിടിക്കപ്പെട്ടതിന് പുറത്തുപോകേണ്ടി വന്നപ്പോൾ അതിന് ചമച്ച താത്വിക ഗീർവ്വാണവും ധാർമ്മിക മേനിനടിക്കലുമായിരുന്നു ആ താരതമ്യം. അതേ ഇപി ജയരാജൻ ഇന്ന് വീണ്ടും മന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. നഷ്ടപ്പെട്ട അധികാരക്കസേര തിരിച്ചുപിടിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഇനിയെങ്കിലും കുടുംബക്കാരേക്കാൾ നാട്ടുകാരുടെ നന്മ അദ്ദേഹത്തിന്റെ മുൻഗണന ആകട്ടെ എന്നാശംസിക്കുന്നു.

പക്ഷേ സിപിഎമ്മിനോടും എൽഡിഎഫിനോടും ചില ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്:

1) ഇ.പി ജയരാജൻ പുറത്തു പോകേണ്ടി വന്ന ബന്ധു നിയമനം ഒരു യാഥാർത്ഥ്യം തന്നെയല്ലേ? ജയരാജന്റ വകുപ്പിൽ അദ്ദേഹത്തിന്റേയും പികെ ശ്രീമതി എംപിയുടേയും അടുത്ത ബന്ധുക്കളായ ചിലർക്കാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉയർന്ന പദവികളിൽ നിയമനം നൽകിയത് എന്നത് വസ്തുതയല്ലേ? ജയരാജനെതിരെ കേസെടുത്തതിന്റെ പേരിലല്ലേ അതുവരെ സർക്കാരിന്റെ ഇഷ്ടഭാജനമായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അനഭിമതനായത്? ജേക്കബ് തോമസിനെ മാറ്റി പുതിയ ഡയറക്ടറെ കൊണ്ടുവന്ന് വിജിലൻസിനേക്കൊണ്ട് ജയരാജന് അനുകൂലമായി റിപ്പോർട്ട് എഴുതിച്ച് കേസിൽ നിന്ന് ഒഴിവാക്കി നൽകിയാൽ ബന്ധു നിയമനം എന്ന യാഥാർത്ഥ്യത്തെ മറച്ചു പിടിക്കാൻ കഴിയുമോ? നഷ്ടപ്പെട്ട ധാർമ്മികത തിരിച്ചുപിടിക്കാൻ കഴിയുമോ?

2) ഒരു കാബിനറ്റ് മന്ത്രിയെ ഒഴിവാക്കിയതു കാരണം വർഷത്തിൽ 7.5 കോടി രൂപയോളം സർക്കാർ ലാഭിക്കുന്നുണ്ട് എന്നാണ് പാർലമെന്ററികാര്യ മന്ത്രി എകെ ബാലനടക്കമുള്ള സിപിഎം നേതാക്കൾ ഈ സർക്കാരിന്റെ തുടക്കം മുതൽ എപ്പോഴും അവകാശപ്പെടാറുള്ളത്. പുതിയ രണ്ട് കാബിനറ്റ് തസ്തികകൾ കൂടി വരുന്നതോടെ 15 കോടിയുടെ അധികച്ചെലവ് ഖജനാവിന് വരുത്തി വച്ച എൽഡിഎഫിന് ആ നിലയിലും ഇനി മേനി നടിക്കാൻ കഴിയില്ല.

500ഉം 1000വുമായി ഈ നാട്ടിലെ സാധാരണക്കാർ മുഴുവൻ നാട് നേരിടുന്ന വലിയ പ്രളയ ദുരന്തത്തിൽ കയ്യിലുള്ളതെല്ലാമെടുത്ത് സർക്കാരിനെ സഹായിക്കാൻ മുന്നോട്ടു കടന്നുവരുമ്പോൾ 15 കോടി രൂപ അധികച്ചെലവ് സൃഷ്ടിക്കുന്ന ഒരു തീരുമാനം ഇത്ര അടിയന്തിരമായി എടുക്കേണ്ട എന്ത് സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്? “ഹൃദയപക്ഷം”, ”ജനകീയ സർക്കാർ” എന്നൊക്കെ സ്വയം പരസ്യം ചെയ്യുന്ന എൽഡിഎഫ് സർക്കാരിന് ഇക്കാര്യത്തിൽ ഒരു ധാർമ്മിക പ്രശ്നവും തോന്നുന്നില്ലേ?

3) കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ ഭരണപക്ഷത്ത് ആകെയുള്ള 72 എംഎൽഎമാരിൽ 20 എംഎൽഎമാരുള്ള (അതായത് 28.6%) രണ്ടാമത്തെ ഘടകകക്ഷിക്ക് അഞ്ചാമത് ഒരു മന്ത്രിയെ നൽകിയപ്പോൾ അതിനെ രാഷ്ട്രീയമായിക്കാണാതെ വർഗീയമായിക്കണ്ട് പ്രചരണം കൊഴുപ്പിക്കാൻ എൽഡിഎഫ് നേതാക്കളും മുൻപന്തിയിലുണ്ടായിരുന്നല്ലോ. എന്നാലിന്ന് ഭരണപക്ഷത്ത് ആകെയുള്ള 91 എംഎൽഎമാരിൽ വെറും 19 അംഗങ്ങളുള്ള (അതായത് 20.9%) രണ്ടാമത്തെ കക്ഷിക്ക് ഇപ്പോൾ നാല് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും അടക്കം 6 കാബിനറ്റ് സ്ഥാനങ്ങളാവുന്നു. പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു സ്ഥാനത്തിന് വേണ്ടി ഖജനാവിന് വൻ ഭാരം വരുത്തിവക്കാൻ ആദർശത്തിന്റെ മൊത്തക്കച്ചവടക്കാരായ സിപിഐക്കും ലജ്ജ തോന്നുന്നില്ലേ?

4) കാബിനറ്റ് റാങ്കോടു കൂടിയ ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ആജീവനാന്ത പദവിയായിട്ടാണോ വിഭാവനം ചെയ്തിട്ടുള്ളത്? നിയമിച്ച സർക്കാർ പോലും സീരിയസ് ആയി എടുക്കാത്ത ഒരു പ്രാഥമിക റിപ്പോർട്ടല്ലാതെ എന്ത് സംഭാവനയാണ് ആ കമ്മീഷന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്? സർക്കാർ സംവിധാനങ്ങളെ എങ്ങനെ കാര്യക്ഷമമാക്കാം, എങ്ങനെ പൗരന് കാലവിളംബമില്ലാതെ അവകാശങ്ങളും സേവനങ്ങളും ഉറപ്പുവരുത്താം എന്നതിനേക്കുറിച്ചൊക്കെ പ്രായോഗികമായ നിർദ്ദേശങ്ങൾ നൽകാൻ ഉദ്ദേശിക്കപ്പെട്ട ഒരു കമ്മീഷൻ തന്നെ സ്വന്തം റിപ്പോർട്ട് സമർപ്പിക്കാൻ ഇത്ര കാലതാമസം വരുത്തുന്നത് എത്ര വലിയ ദുരന്തമാണ്? മുതിർന്ന രാഷ്ട്രീയ നേതാക്കളേയും റിട്ടയേഡ് ഉദ്യോഗസ്ഥരേയും സർക്കാർച്ചെലവിൽ പുനരധിവസിപ്പിക്കാനുള്ള ലാവണമെന്ന നിലയിൽ പ്രവർത്തിക്കുന്ന ഇന്നത്തെ ഭരണ പരിഷ്ക്കാര കമ്മീഷനെ പിരിച്ചുവിട്ട് കൂടുതൽ ആധുനിക കാഴ്ചപ്പാടുകളുള്ള, പ്രൊഫഷണൽ മാനേജ്മെൻറ് പരിചയമുള്ള, സ്വകാര്യ മേഖലയിലടക്കം പ്രവർത്തിച്ച് പരിചയമുളള അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ഒരു ഭരണ പരിഷ്ക്കാര കമ്മീഷനല്ലേ കേരളത്തിന് വേണ്ടത്? ചോദ്യം ചെയ്യപ്പെടാനാവാത്ത വിശുദ്ധ പശുക്കൾ ജനാധിപത്യത്തിനും ഖജനാവിനും ഭാരമാവുന്നത് നാമറിയുന്നില്ലേ?

5) എന്തിനാണ് മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാന് മാത്രം കാബിനറ്റ് പദവി? ഇക്കാര്യത്തിൽ യുഡിഎഫ് ഗവൺമെന്റ് ചെയ്തതും തെറ്റാണ്. എന്നാലത് ആവർത്തിക്കേണ്ട എന്ത് ബാധ്യതയാണ് “എല്ലാം ശരിയാക്കാ”ൻ വന്ന എൽഡിഎഫ് സർക്കാരിനുള്ളത്? കൂടുതൽ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമ കോർപ്പറേഷന്റേയും പിന്നാക്ക സമുദായ കോർപ്പറേഷന്റേയും ചെയർമാന് നൽകാത്ത കാബിനറ്റ് പദവി സവർണ്ണ തമ്പ്രാന് നൽകുന്നത് എത്ര വലിയ അശ്ലീലമാണ്, എന്തു വലിയ ഇരട്ടനീതിയാണ്? ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന് ഇനിയെങ്കിലും കേരളം തയ്യാറാവേണ്ടേ?

"യുഡിഎഫല്ല എൽഡിഎഫ്,കോൺഗ്രസ്സല്ല സിപിഎം"സൈബർ പോരാളികളായ ചില മാധ്യമ പ്രവർത്തകർ പറഞ്ഞ് പിന്നീട് പിണറായി വിജയൻ ആവർത്തിച്ച…

Posted by VT Balram on Monday, August 13, 2018