ബാങ്കുകളെ കബളിപ്പിച്ച് ഒരു വ്യവസായി കൂടി രാജ്യം വിട്ടു; വെട്ടിച്ചത് 350 കോടി

രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് ഒരു വ്യവസായി കൂടി ഇന്ത്യ വിട്ടു.
 | 
ബാങ്കുകളെ കബളിപ്പിച്ച് ഒരു വ്യവസായി കൂടി രാജ്യം വിട്ടു; വെട്ടിച്ചത് 350 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് ഒരു വ്യവസായി കൂടി ഇന്ത്യ വിട്ടു. പഞ്ചാബ് ബസ്മതി റൈസ് ഡയറക്ടര്‍ മന്‍ജീത് സിങ് മഖ്നിയാണ് വിദേശത്തേക്ക് കടന്നത്. 350 കോടി രൂപയുടെ വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. കാനറ ബാങ്ക് ഉള്‍പ്പെടെ 6 ബാങ്കുകളില്‍ നിന്ന് ഇയാള്‍ വായ്പകള്‍ എടുത്തിട്ടുണ്ട്. ക്യാനഡയിലേക്കാണ് ഇയാള്‍ കടന്നതെന്നാണ് വിവരം.

ക്യാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് ഇയാള്‍ വായ്പയെടുത്തത്. രാജ്യം വിട്ടതിനെ തുടര്‍ന്ന് കണ്‍സോര്‍ഷ്യം സിബിഐയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്‍ജീത് മകന്‍ കുല്‍വീന്ദര്‍ സിങ് മഖ്നി, മരുമകള്‍ ജസ്മീത് കൗര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. 2018 ആദ്യം മന്‍ജീതും കുടുംബവും രാജ്യം വിട്ടുവെന്നാണ് സൂചന. ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കിയതായും വിവരമുണ്ട്.

കാനറാ ബാങ്കിന് 175 കോടി, ആന്ധ്രാബാങ്കിന് 53 കോടി, യുബിഐക്ക് 44 കോടി, ഒബിസിക്ക് 25 കോടി, ഐഡിബിഐക്ക് 14 കോടി, യുസിഒ ബാങ്കിന് 41 കോടി എന്നിങ്ങനെയാണു മന്‍ജീത് നല്‍കാനുള്ള തുക. 2003 മുതല്‍ ഇയാളുടെ കമ്പനി കാനറാ ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വായ്പാ തുക 2018ല്‍ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരുന്നു.