ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുമതം ഉപേക്ഷിച്ച് യുപിയിലെ ദളിതുകള്‍; വാല്‍മീകി സമുദായത്തിലെ 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു

ഹാഥ്റസില് ദളിത് പെണ്കുട്ടിയെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില് ദളിതുകളുടെ പ്രതിഷേധം തുടരുന്നു.
 | 
ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുമതം ഉപേക്ഷിച്ച് യുപിയിലെ ദളിതുകള്‍; വാല്‍മീകി സമുദായത്തിലെ 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു

ലഖ്‌നൗ: ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ദളിതുകളുടെ പ്രതിഷേധം തുടരുന്നു. വാല്‍മീകി സമുദായത്തിലുള്ള 236 പേര്‍ പ്രതിഷേധ സൂചകമായി ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയും വാല്‍മീകി സമുദായക്കാരിയാണ്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലും സംസ്ഥാനത്ത് ദളിത് വിഭാഗക്കാര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ഇത്രയും ആളുകള്‍ മതം മാറിയത്.

ഗാസിയാബാദ് ജില്ലയിലെ പില്‍ഖുവയില്‍ കര്‍ഹേര ഗ്രാമത്തിലാണ് സംഭവം. ഭരണഘടനാ ശില്പി ബി.ആര്‍.അംബേദ്കറിന്റെ പിന്‍മുറക്കാരനായ രാജ്‌രത്‌ന അംബേദ്കറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ബുദ്ധ സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടന്ന മതംമാറ്റത്തിന് ശേഷം 236 പേര്‍ക്കും അംബേദ്കര്‍ സ്ഥാപിച്ച ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 1956 ഒക്ടോബര്‍ 14ന് ജാതിവ്യവസ്ഥയില്‍ നിന്ന് മോചനത്തിനായി അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചിരുന്നു. ധര്‍മചക്ര പരിവര്‍ത്തന്‍ ദിവസം എന്ന് അറിയപ്പെടുന്ന അന്ന് തന്നെയാണ് ഗാസിയാബാദില്‍ വാല്‍മീകി സമുദായക്കാര്‍ പ്രതിഷേധത്തിന് തെരഞ്ഞെടുത്തത്.

എത്ര വിദ്യാഭ്യാസം നേടിയാലും ഉയര്‍ന്ന ജോലികള്‍ നേടിയാലും പ്രതിഷേധിച്ചാലും ഉയര്‍ന്ന ജാതിയിലുള്ളവര്‍ ഞങ്ങളെ മനുഷ്യരായിപ്പോലും കണക്കാക്കുന്നില്ലെന്ന് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ശശികാന്ത് ജാദവ് പറഞ്ഞു. ഹാഥ്‌റസ് സംഭവത്തിലായാലും ദളിതുകളോടുള്ള മറ്റ് അതിക്രമങ്ങളുടെ കാര്യത്തിലായാലും എല്ലായിടത്തും ഞങ്ങള്‍ ജാതി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.