അതിസമ്പന്നരായിട്ടും തെരഞ്ഞെടുപ്പില്‍ തോറ്റുപോയ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്!

രമേഷ് കുമാര് ശര്മ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്പ്പിച്ച രേഖകള് പ്രകാരം 1,107 കോടി രൂപയുടെ ആസ്തിയുണ്ട്. എന്നാല് ഫലം പുറത്തുവന്നപ്പോള് കെട്ടിവെച്ച പണം പോലും തിരികെ കിട്ടാത്ത അവസ്ഥയായിരുന്നു.
 | 
അതിസമ്പന്നരായിട്ടും തെരഞ്ഞെടുപ്പില്‍ തോറ്റുപോയ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്!

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ പണം വലിയ ഘടകം തന്നെയാണ്. പ്രചാരണത്തിനും സ്ഥാനാര്‍ത്ഥികളുടെ യാത്രയ്ക്കും തുടങ്ങി ലക്ഷങ്ങളാണ് തെരഞ്ഞെടുപ്പിന്റെ സമയത്ത് ആവശ്യമായി വരിക. എന്നാല്‍ പണം മാത്രമല്ല ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന് തെളിയിക്കുന്നതാണ് ചില തോല്‍വികള്‍. ബിഹാറിലെ പാടലിപുത്രിയില്‍നിന്നും സ്വതന്ത്രനായി മത്സരിച്ച രമേഷ് കുമാര്‍ ശര്‍മ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോണ്ട വിശ്വേശ്വര്‍ റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പണക്കൊഴുപ്പിലും തോറ്റുപോയ പ്രധാന സ്ഥാനാര്‍ത്ഥികള്‍.

രമേഷ് കുമാര്‍ ശര്‍മ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 1,107 കോടി രൂപയുടെ ആസ്തിയുണ്ട്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ കെട്ടിവെച്ച പണം പോലും തിരികെ കിട്ടാത്ത അവസ്ഥയായിരുന്നു. വെറും 1,558 വോട്ട് മാത്രമാണ് രമേഷ് കുമാറിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോണ്ട വിശ്വേശ്വര്‍ റെഡ്ഡിക്ക് 895 കോടിയുടെ ആസ്തിയുണ്ട്. എന്നാല്‍ വിജയം സ്വന്തമാക്കാന്‍ ഈ പണത്തിന് കഴിഞ്ഞില്ലെന്നതാണ് സത്യം. ജ്യോതിരാദിത്യ സിന്ധ്യയുടെ ആസ്തി 374 കോടി രൂപയാണ്. ഏറ്റവും പണക്കാരായ സ്ഥാനാര്‍ത്ഥികള്‍ അഞ്ചാം സ്ഥാനത്താണ് സിന്ധ്യ. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.പി യാദവിനോട് ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് സിന്ധ്യ പരാജയപ്പെട്ടത്.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥാണ് പണക്കാരായ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നാമന്‍. സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം 660 കോടിയാണ് നകുലിന്റെ ആസ്തി. മറ്റു പണക്കാരില്‍ നിന്ന് വ്യത്യസ്തമാണ് നകുലിന്റെ കാര്യം. 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നകുല്‍ മണ്ഡലത്തില്‍ വിജയിച്ചു. പട്ടികയിലെ നാലാമനായ വസന്ത്കുമാറും മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുണ്ട്. 417 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.