ഷോപിയാനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഷോപിയാനും സമീപ പ്രദേശങ്ങളിലും കൂടുതല് തീവ്രവാദികള് ക്യാംപ് ചെയ്യുന്നതായിട്ടാണ് സൂചന.
 | 
ഷോപിയാനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊലപ്പെട്ടു. കാശ്മീര്‍ പോലീസിന്റെ ഔദ്യോഗിക ട്വിറ്ററ് ഹാന്‍ഡിലാണ് ഏറ്റമുട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ ഏത് സംഘടനയുടെ ഭാഗമാണെന്ന് അന്വേഷിക്കുകയാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം നാലിലധികം ഏറ്റുമുട്ടല്‍ നടന്ന മേഖലയാണ് ഷോപിയാന്‍. ഷോപിയാനും സമീപ പ്രദേശങ്ങളിലും കൂടുതല്‍ തീവ്രവാദികള്‍ ക്യാംപ് ചെയ്യുന്നതായിട്ടാണ് സൂചന.

ഇന്ന് ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ മാര്‍ച്ച് 21ന് ഷോപിയാനിലെ ഇമാം ഷഹാബ് മേഖലയില്‍ സമാന ഏറ്റമുട്ടല്‍ നടന്നിരുന്നു. അന്ന് പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന നാല് ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. വീടിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിക്കാതിരുന്നതോടെയാണ് സൈന്യം നിറയൊഴിച്ചത്.