ഗൃഹസമ്പര്‍ക്കത്തിന് എത്തിയ അമിത് ഷായ്ക്ക് ഡല്‍ഹിയില്‍ ഗോ ബാക്ക് വിളി

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന് വീടുകള് കയറാന് എത്തിയ അമിത് ഷായ്ക്കെതിരെ പ്രതിഷേധം
 | 
ഗൃഹസമ്പര്‍ക്കത്തിന് എത്തിയ അമിത് ഷായ്ക്ക് ഡല്‍ഹിയില്‍ ഗോ ബാക്ക് വിളി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ വീടുകള്‍ കയറാന്‍ എത്തിയ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം. ദില്ലി ലജ്പത് നഗറില്‍ ചണ്ഡിബസാറിന് സമീപമാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന കോളനിവാസികള്‍ ഗോബാക്ക് വിളിച്ചത്. വെള്ളത്തുണിയില്‍ ചായം കൊണ്ടെഴുതിയ വലിയ ബാനറുകള്‍ വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

നാലേമുക്കാലോടെ ലജ്പത് നഗറിലെ കോളനിയില്‍ എത്തിയ അമിത് ഷാ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം ഒരു വീട്ടില്‍ കയറിയ അമിത്ഷാ ജനങ്ങളെ കൈവീശിക്കാട്ടി നടന്നു പോകുകയായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം ഉയര്‍ന്നത്. യുവതികളാണ് ആദ്യം ഗോബാക്ക് വിളിച്ചത്. പിന്നാലെ കോളനിവാസികളില്‍ ചിലരും അത് ഏറ്റുവിളിച്ചു. എന്നാല്‍ അമിത് ഷാ പ്രതികരിക്കാന്‍ നില്‍ക്കാതെ നടന്ന് പോകുകയായിരുന്നു.

സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇവരില്‍ ഒരാള്‍ ബിരുദ വിദ്യാര്‍ത്ഥിനിയും ഒരാള്‍ അഭിഭാഷകയുമാണ്. ഇവരുടെ ഫ്‌ളാറ്റിലേക്ക് പോലീസ് പ്രവേശിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ബിജെപി ശക്തികേന്ദ്രമായ പ്രദേശത്താണ് ഇത്തരത്തില്‍ ഒരു തിരിച്ചടി അമിത്ഷായ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.