പൂനെയില്‍ റണ്‍വേ തൊടാനൊരുങ്ങിയ വിമാനത്തിന് മുന്നില്‍ ജീപ്പ്; അടിയന്തര ടേക്കോഫില്‍ വിമാനത്തിന് തകരാര്‍; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

പൂനെ വിമാനത്താവളത്തില് ലാന്ഡ് ചെയ്യാനൊരുങ്ങിയ എയര് ഇന്ത്യ വിമാനത്തിന് മുന്നില് ജീപ്പ്.
 | 
പൂനെയില്‍ റണ്‍വേ തൊടാനൊരുങ്ങിയ വിമാനത്തിന് മുന്നില്‍ ജീപ്പ്; അടിയന്തര ടേക്കോഫില്‍ വിമാനത്തിന് തകരാര്‍; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

പൂനെ: പൂനെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന് മുന്നില്‍ ജീപ്പ്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 222 കിലോമീറ്റര്‍ വേഗതയില്‍ റണ്‍വേ തൊടാനൊരുങ്ങുന്ന ഘട്ടത്തിലാണ് റണ്‍വേയില്‍ ഒരു ജീപ്പ് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ലാന്‍ഡിംഗ് ഉപേക്ഷിച്ച് അടിയന്തരമായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരഞ്ഞ് തകരാറുകള്‍ സംഭവിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

പിന്നീട് ഡല്‍ഹിയിലേക്ക് പോയ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. തകരാറുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിമാനം സര്‍വീസില്‍ നിന്ന് പിന്‍വലിച്ചു. മറ്റു ചില വിമാനത്താവളങ്ങള്‍ പോലെ ഇന്ത്യന്‍ വ്യോമസേനയുടെ താവളം കൂടിയാണ് പൂനെ വിമാനത്താവളം. സൈനിക വാഹനമായിരിക്കാം റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് നിഗമനം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റെക്കോര്‍ഡിംഗുകള്‍ സൂക്ഷിക്കണമെന്ന് ഡിജിസിഎ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കി.

സംഭവത്തില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് കാര്യമായ തകരാറുകള്‍ നേരിട്ടുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറും പരിശോധിക്കും. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321 വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.