പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് വിധി പറയാന്‍ മാറ്റി

പ്രശാന്ത് ഭൂഷണ് എതിരായ കോടതി അലക്ഷ്യ കേസ് വിധി പറയുന്നതിനായി മാറ്റി.
 | 
പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണ് എതിരായ കോടതി അലക്ഷ്യ കേസ് വിധി പറയുന്നതിനായി മാറ്റി. സെപ്റ്റംബര്‍ 2ന് മുന്‍പായി കോടതി വിധി പറയും. ജസ്റ്റിസ് അരുണ്‍ മിശ്ര അന്നാണ് വിരമിക്കുന്നത്. ഭൂഷണ്‍ മാപ്പ് പറയണമെന്ന നിലപാടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അര മണിക്കൂറും അനുവദിച്ചു. എന്നാല്‍ മാപ്പ് പറയില്ലെന്ന് ഭൂഷണ് വേണ്ടി ഹാജരായ രാജീവ് ധവാന്‍ കോടതിയില്‍ വ്യക്തമാക്കി.

ഭൂഷണ്‍ ആരോപണങ്ങള്‍ നടത്തിയത് ഉത്തമ ബോധ്യത്തോടെയാണ്. ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാപ്പ് പറയാന്‍ കോടതി നിര്‍ബന്ധിക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കേസ് വിധി പറയുന്നതിനായി മാറ്റിയത്. മാപ്പ് പറയില്ലെന്ന് നേരത്തേ ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.

ഇതില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് നടന്നത്. എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്ന് അഭിഭാഷകനോട് ബെഞ്ച് ചോദിക്കുന്ന കാഴ്ചയ്ക്കും സുപ്രീം കോടതി സാക്ഷ്യം വഹിച്ചു. കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം അപകീര്‍ത്തികരമാണന്നും കോടതി പറഞ്ഞു. അതേസമയം ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നല്‍കി വിട്ടയക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയോട് ആവശ്യപ്പെട്ടു.

നിരവധി സിറ്റിംഗ്, റിട്ടയേര്‍ഡ് ജഡ്ജിമാര്‍ ജുഡീഷ്യറിയിലെ അഴിമതികളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഈ പ്രസ്താവനകള്‍ അത്തരം വിഷയങ്ങളില്‍ സ്വയം പരിശോധന നടത്താനും പരിഷ്‌കരിക്കാനും കോടതികളോട് ആവശ്യപ്പെടുന്നവയാണ്. അതുകൊണ്ടു തന്നെ ഭൂഷണ്‍ ശിക്ഷിക്കപ്പെടരുതെന്നും താക്കീതോടെ വിട്ടയക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.