ബിജെപി തന്നെ കാവി പൂശാന്‍ ശ്രമിക്കുന്നുവെന്ന് രജനികാന്ത്; കെണിയില്‍ വീഴില്ല

ബിജെപി തന്നെ കാവി പൂശാന് ശ്രമിക്കുകയാണെന്ന് രജനികാന്ത്.
 | 
ബിജെപി തന്നെ കാവി പൂശാന്‍ ശ്രമിക്കുന്നുവെന്ന് രജനികാന്ത്; കെണിയില്‍ വീഴില്ല

ചെന്നൈ: ബിജെപി തന്നെ കാവി പൂശാന്‍ ശ്രമിക്കുകയാണെന്ന് രജനികാന്ത്. ബിജെപിയില്‍ ചേരാന്‍ സ്റ്റൈല്‍ മന്നന്‍ തയ്യാറെടുക്കുന്നു എന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ടാണ് പ്രതികരണം. തിരുവള്ളുവരിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രജനി പറഞ്ഞു. എന്നാല്‍ തിരുവള്ളുവരോ താനോ ആ കെണിയില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ചെന്നൈയില്‍ നടന്‍ കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ രജനി ബിജെപിയുമായി സഹകരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടില്‍ രജനികാന്തിനെ മുന്നില്‍ നിര്‍ത്തി ബിജെപി രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്നാണ് രജനി ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

തിരുവള്ളുവരുടെ പ്രതിമയില്‍ ഹിന്ദു മക്കള്‍ കക്ഷിയെന്ന സംഘടന കാവി പുതപ്പിച്ചത് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു. ഇതാണ് രജനികാന്ത് പരാമര്‍ശിച്ചത്.