ലോക്ക് ഡൗണില്‍ മാതാപിതാക്കള്‍ക്ക് ജോലിയില്ല; പട്ടിണി മാറ്റാന്‍ പുല്ല് തിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ കുട്ടികള്‍

വിശപ്പകറ്റാന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ കുട്ടികള് പുല്ല് തിന്നുന്ന ചിത്രം സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നു.
 | 
ലോക്ക് ഡൗണില്‍ മാതാപിതാക്കള്‍ക്ക് ജോലിയില്ല; പട്ടിണി മാറ്റാന്‍ പുല്ല് തിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ കുട്ടികള്‍

വാരാണസി: വിശപ്പകറ്റാന്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ കുട്ടികള്‍ പുല്ല് തിന്നുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വാരാണസി ജില്ലയിലെ ബഡാഗാവ് ബ്ലോക്കിലെ കൊയ്രിപുര്‍ ഗ്രാമത്തില്‍ നിന്നാണ് ചിത്രം പുറത്തു വന്നത്. ജനതാ കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ എന്നിവ മൂലം മാതാപിതാക്കള്‍ക്ക് ജോലി നഷ്ടമായതിനെത്തുടര്‍ന്നാണ് പട്ടിണി മാറ്റാന്‍ കുട്ടികള്‍ക്ക് പുല്ല് തിന്നേണ്ടി വന്നതെന്നാണ് വിവരം.

ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കുട്ടികള്‍ക്ക് സഹായം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുസാഹര്‍ സമുദായത്തിലുള്ളവര്‍ താമസിക്കുന്ന മുസാഹര്‍ ബസ്തിയിലെ ആറ് കുട്ടികളുടെ ചിത്രമാണ് പ്രചരിച്ചത്. പശുവിന് കൊടുക്കാനായി സൂക്ഷിച്ച അക്രി എന്ന പുല്ലാണ് ഇവര്‍ തിന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസമായി ഇവര്‍ പട്ടിണിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വൈക്കോലിനൊപ്പം കന്നുകാലികള്‍ക്ക് കൊടുക്കുന്ന ഫലിയാന്‍ എന്ന കുരുവും കുട്ടികള്‍ ഭക്ഷിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. അഞ്ച് വയസോളം പ്രായമുള്ള കുട്ടികളാണ് വിഡിയോയിലുള്ളത്. വെള്ളവും ഉപ്പും ചേര്‍ത്താണ് ഇവര്‍ പുല്ല് തിന്നത്. ആദ്യ ദിവസങ്ങളില്‍ വീടിന് സമീപത്തെ ഫാമിലെ ഉരുളക്കിഴങ്ങായിരുന്നു ഇവരുടെ ഭക്ഷണം. ഇത് തീര്‍ന്നതോടെ രണ്ട് ദിവസം പട്ടിണിയിലായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ ബഡാഗാവ് പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ സഞ്ജയ് കുമാര്‍ സിംഗ് ഇവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കി. വാരാണസി ജില്ലാ കളക്ടര്‍ പിന്നാലെ ഇടപെടുകയും പത്ത് കുടുംബങ്ങള്‍ക്ക് 12 കിലോ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുകയും ചെയ്തു.