രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 854 ആയി; കേരളം മുന്‍പന്തിയില്‍

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില് കുതിച്ചുചാട്ടം.
 | 
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 854 ആയി; കേരളം മുന്‍പന്തിയില്‍

തിരുവനന്തപുരം: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. കഴിഞ്ഞ 24 മണിക്കൂറില്‍ 149 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 854 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇന്നലെ 39 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 19 പേര്‍ ഇന്ത്യയില്‍ കൊറോണ ബാധ മൂലം മരിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍. നാല് പേര്‍ ഇവിടെ രോഗബാധിതരായി മരിച്ചു. ഗുജറാത്തില്‍ 3ഉം കര്‍ണാടകയില്‍ 2ഉം ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, തമിഴ്നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 39 കേസുകള്‍ അടക്കം 164 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 1,10,299 പേര്‍ നിരീക്ഷണത്തിലാണ്. കാസര്‍കോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇന്നലെ സ്ഥിരീകരിച്ച 34 രോഗികള്‍ ഉള്‍പ്പെടെ 82 പേര്‍ ഇവിടെ ചികിത്സയിലുണ്ട്.