പൗരത്വ നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹര്‍ജി; വിമര്‍ശിച്ച് സുപ്രീം കോടതി

പൗരത്വ നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്ജിയെ വിമര്ശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ.
 | 
പൗരത്വ നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹര്‍ജി; വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജി താന്‍ ആദ്യമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ സാധുത പരിശോധിക്കുകയാണ് കോടതി ചെയ്യുന്നത്, അല്ലാതെ നിയമം ഭരണഘടനാപരമാണോ എന്ന് പ്രഖ്യാപിക്കലല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അഭിഭാഷകനായ വിനീത് ദണ്ഡയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമം പഠിച്ച നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അറിവുള്ളതല്ലേയെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. ജസ്റ്റിസ് ബോബ്‌ഡെ, ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാജ്യം ഇപ്പോള്‍ ഒരു ദുര്‍ഘട സമയത്തിലൂടെ കടന്നു പോകുകയാണ്. സമാധാനം സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അതിന് ഇത്തരം ഹര്‍ജികള്‍ സഹായകമാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ 60 ഹര്‍ജികള്‍ ഡിസംബര്‍ 18ന് സുപ്രീം കോടതിയില്‍ ലഭിച്ചിരുന്നു. ഭരണഘടനയ വിഭാവനം ചെയ്യുന്ന മതേതരത്വത്തെ തകര്‍ക്കുന്ന നിയമമാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നാണ് ഹര്‍ജികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം ജനുവരി രണ്ടാം വാരത്തിനുള്ളില്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.