ഡല്‍ഹി ആരോഗ്യമന്ത്രിയെ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്ഹി ആരോഗ്യമന്ത്രിയെ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 
ഡല്‍ഹി ആരോഗ്യമന്ത്രിയെ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രിയെ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവരുമായി സത്യേന്ദര്‍ ജെയിന്‍ കൂടിക്കാഴ്ച നടത്തുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ട്വിറ്റര്‍ സന്ദേശത്തിലൂടെ ജെയിന്‍ തന്നെയാണ് തനിക്ക് പനിയും ഓക്‌സിജന്‍ അളവ് കുറവുമാണെന്ന് അറിയിച്ചത്. ഇന്നലെ രാത്രി ആശുപത്രിയില്‍ അഡ്മിറ്റായെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പനിയും തൊണ്ടവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞയാഴ്ച സ്വമേധയാ ഐസോലേഷനില്‍ പ്രവേശിച്ചിരുന്നു. സാധാരണ പനിയായിരുന്നു അദ്ദേഹത്തിനെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനും ഡല്‍ഹി മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ യോഗത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു.