സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം; സൗജന്യ റേഷന്‍, തൊഴിലുറപ്പ് തുക കൂട്ടി

രാജ്യ വ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്ക്കാര്.
 | 
സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം; സൗജന്യ റേഷന്‍, തൊഴിലുറപ്പ് തുക കൂട്ടി

ന്യൂഡല്‍ഹി: രാജ്യ വ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ഭക്ഷ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പണവും ആനുകൂല്യങ്ങളും നേരിട്ട് ആളുകളിലേക്ക് എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിക്കും.

ആശാ വര്‍ക്കര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ലോക് കല്യാണ്‍ യോജന വഴി നിലവില്‍ ബിപിഎല്‍ കുടുംബങ്ങളില്‍ എല്ലാവര്‍ക്കും 5 കിലോ അരി ലഭിക്കുന്നുണ്ട്. ഇതിനൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 5 കിലോ അരിയോ ഗോതമ്പോ അവരുടെ ഇഷ്ടപ്രകാരം സൗജന്യമായി നല്‍ുകും.

തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് 2000 രൂപ മാസം വരുമാനം കൂടുതല്‍ നല്‍കാനാണ് തീരുമാനം. പ്രതിദിന വരുമാനം പ്രതിഫലം 182 രൂപ 202 ആക്കി കൂട്ടിയാണ് ഇത് നടപ്പാക്കുന്നത്. മൂന്നു കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ വീതം നല്‍കും. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി വനിതകള്‍ക്ക് 1500 രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കും. ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎല്‍ പരിധിയില്‍ പെട്ട 8 കോടി ആളുകള്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിന്‍ഡര്‍ അനുവദിച്ചു.

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം വായ്പ നല്‍കും. 100 ജീവനക്കാര്‍ വരെയുള്ള കമ്പനികളുടെ മൂന്ന് മാസത്തെ ഇപിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. ഈ കമ്പനികളിലെ 90 ശതമാനം പേര്‍ 15000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്നവരാകണമെന്ന നിബന്ധനയുണ്ട്. ഇവര്‍ക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ പിന്‍വലിക്കാം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.