‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’ പേരില്‍ നിന്ന് ‘ഫെയര്‍’ ഒഴിവാക്കുന്നു

ഫെയര് ആന്ഡ് ലവ്ലി സ്കിന് ക്രീം അതിന്റെ പേരില് നിന്ന് ഫെയര് എന്ന പദം ഒഴിവാക്കുന്നു
 | 
‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’ പേരില്‍ നിന്ന് ‘ഫെയര്‍’ ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ഫെയര്‍ ആന്‍ഡ് ലവ്‌ലി സ്‌കിന്‍ ക്രീം അതിന്റെ പേരില്‍ നിന്ന് ഫെയര്‍ എന്ന പദം ഒഴിവാക്കുന്നു. ഇരുണ്ട നിറം മോശമാണെന്ന വിധത്തിലുള്ള പരസ്യത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. രാജ്യാന്തര ഭീമനായ യൂണിലിവറിന്റെ ഇന്ത്യന്‍ ഘടകം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പുതിയ പേര് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് കമ്പനി അറിയിച്ചത്.

ഇരുണ്ട ത്വക്കിന് വെളുത്ത നിറം നല്‍കും എന്ന പേരിലാണ് ക്രീമിന്റെ പരസ്യങ്ങള്‍ നല്‍കിയിരുന്നത്. വംശീയതയും വര്‍ണ്ണ വിവേചനവും സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലിക്കും എതിര്‍ ബ്രാന്‍ഡുകള്‍ക്കും ഇത്തരം പരസ്യങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടായത്. നിറത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കുന്നുവെന്ന വിമര്‍ശനം ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഉല്‍പന്നങ്ങള്‍ക്കെതിരെ ഉയര്‍ന്നത്.

മാറിവരുന്ന സാഹചര്യത്തില്‍ യൂണിലിവര്‍ തങ്ങളുടെ സ്‌കിന്‍ ക്രീമിന്റെ മാര്‍ക്കറ്റിങ്ങില്‍ കാര്യമായ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ വര്‍ണ്ണ വിവേചന പരസ്യം നിര്‍ത്തണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലവിലുള്ളതാണ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വംശീയ കൊലയ്ക്ക് ശേഷം ഉയര്‍ന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധത്തോടെ ഈ ആവശ്യം ശക്തമായി മാറിയിരുന്നു.