ഇരയുടെ കുടുംബത്തെ വേട്ടയാടുന്നത് തുടരുന്നു; ഹാഥ്‌റസ് പെണ്‍കുട്ടിയെ കൊന്നത് കുടുംബമെന്ന് മുഖ്യപ്രതിയുടെ കത്ത്

ഹാഥ്റസ് ബലാല്സംഗക്കൊലയില് ഇരയ്ക്കും കുടുംബത്തിനും എതിരെ പുതിയ വാദവുമായി പ്രതികള്.
 | 
ഇരയുടെ കുടുംബത്തെ വേട്ടയാടുന്നത് തുടരുന്നു; ഹാഥ്‌റസ് പെണ്‍കുട്ടിയെ കൊന്നത് കുടുംബമെന്ന് മുഖ്യപ്രതിയുടെ കത്ത്

ന്യൂഡല്‍ഹി: ഹാഥ്‌റസ് ബലാല്‍സംഗക്കൊലയില്‍ ഇരയ്ക്കും കുടുംബത്തിനും എതിരെ പുതിയ വാദവുമായി പ്രതികള്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയും താനും സുഹൃത്തുക്കളായിരുന്നുവെന്നും അതില്‍ ഇഷ്ടക്കേടുണ്ടായിരുന്ന പെണ്‍കുട്ടിയുടെ കുടുംബമാണ് കൊലയ്ക്ക് പിന്നിലെന്നും മുഖ്യപ്രതി സന്ദീപ് ഠാക്കൂര്‍ പോലീസിന് എഴുതിയ കത്തില്‍ പറയുന്നു. അമ്മയും സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നുമാണ് കത്തിലെ വാദം. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് പുറത്തു വരുന്നത്.

സന്ദീപ് ഠാക്കൂര്‍ എഴുതിയ കത്തില്‍ നാല് പ്രതികളുടെയും വിരലടയാളം പതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും താനും സുഹൃത്തുക്കളായിരുന്നു. പരസ്പരം കാണുന്നത് കൂടാതെ തങ്ങള്‍ ഫോണില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ഹിന്ദിയില്‍ എഴുതിയ കത്തില്‍ പറയുന്നു. പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ ദിവസം താന്‍ വയലില്‍ അവളെ കാണാന്‍ പോയിരുന്നു. അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടത് അനുസരിച്ച് മടങ്ങി. പിന്നീട് കന്നുകാലികള്‍ക്ക് തീറ്റ നല്‍കാന്‍ പോയി.

ഇതിനിടയില്‍ തങ്ങളുടെ സൗഹൃദത്തിന്റെ പേരില്‍ അമ്മയും സഹോദരനും പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മാരകമായി പരിക്കേല്‍പിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞ് അറിഞ്ഞു. താന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മറ്റു മൂന്നു പേരും താനും നിരപരാധികളാണെന്നുമാണ് സന്ദീപിന്റെ വാദം. ഇയാള്‍ കത്തയച്ചതായി ജയില്‍ സൂപ്രണ്ട് സ്ഥിരീകരിച്ചു. അതേസമയം പ്രതികളുടെ ആരോപണം ഇരയുടെ പിതാവ് നിഷേധിച്ചു. എനിക്ക് എന്റെ മകളെ നഷ്ടമായി. ഇപ്പോള്‍ അവര്‍ ഞങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. ഞങ്ങള്‍ നഷ്ടപരിഹാരമോ പണമോ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ക്ക് നീതിയാണ് ആവശ്യമെന്നും പിതാവ് പറഞ്ഞു. പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ക്കെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനും അവള്‍ക്കെതിരെ നടന്ന കുറ്റകൃത്യത്തിന് ഉത്തരവാദി പെണ്‍കുട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനും പുതിയ കഥകള്‍ മെനയുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും പ്രിയങ്ക വ്യക്തമാക്കി. പഴിയല്ല അവള്‍ക്ക് നീതിയാണ് വേണ്ടതെന്നും പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു.

കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികള്‍ക്ക് അനുകൂല സമീപനമാണ് യുപി പോലീസ് സ്വീകരിച്ചിരുന്നത്. ജില്ലാ ഭരണകൂടം പെണ്‍കുട്ടിയുടെ കുടുംബത്തെ തടങ്കലിലാക്കിയിരിക്കുയാണെന്ന് കാട്ടി ഒരു സന്നദ്ധസംഘടന കോടതിയെ സമീപിച്ചിരിക്കുകയാണ്.