ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗൊയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
 | 
ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. കലാപത്തിന് ശേഷം ബില്‍ക്കിസ് ബാനുവിന് അനുഭവിക്കേണ്ടി വന്ന യാതനകള്‍ കണക്കിലെടുത്താണ് ഈ തുക നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

തുക രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കലാപകാരികളുടെ അക്രമം നേരിട്ടതിനു ശേഷമുള്ള ബില്‍ക്കിസ് ബാനുവിന്റെ നിസ്സഹായാവസ്ഥ പരിഗണിച്ചാണ് നടപടി. അതേസമയം വിഷയത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2002 മാര്‍ച്ച് പന്ത്രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. 14 പേരെയാണ് ബില്‍ക്കിസ് ബാനുവിന് മുന്നിലിട്ട് കലാപകാരികള്‍ വെട്ടിനുറുക്കിയത്. മൂന്ന് വയസ് മാത്രം പ്രായമുള്ള അവരുടെ കുഞ്ഞിനെ അക്രമികള്‍ നിലത്തടിച്ച് കൊന്നിരുന്നു. ശേഷം ഇവര്‍ ബില്‍ക്കിസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് ശേഷം ബില്‍ക്കിസിനെ വേട്ടയാടിയത് ഭരണകൂടമായിരുന്നു. ഒരുഘട്ടത്തില്‍ അവര്‍ക്ക് ലഭിച്ചിരുന്ന പെന്‍ഷന്‍ പല കാരണങ്ങള്‍ പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുക പോലും ചെയ്തു. ഇവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.