മീര നായരുടെ വെബ് സീരിസിലെ ചുംബന രംഗം വിവാദമാക്കി ഹിന്ദുത്വവാദികള്‍; നെറ്റ്ഫ്‌ളിക്‌സിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം

പ്രമുഖ സംവിധായിക മീര നായര് ഒരുക്കുന്ന വെബ് സീരിസിലെ ചുംബനരംഗം വിവാദമാക്കി ഹിന്ദുത്വവാദികള്.
 | 
മീര നായരുടെ വെബ് സീരിസിലെ ചുംബന രംഗം വിവാദമാക്കി ഹിന്ദുത്വവാദികള്‍; നെറ്റ്ഫ്‌ളിക്‌സിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം

പ്രമുഖ സംവിധായിക മീര നായര്‍ ഒരുക്കുന്ന വെബ് സീരിസിലെ ചുംബനരംഗം വിവാദമാക്കി ഹിന്ദുത്വവാദികള്‍. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന എ സ്യൂട്ടബിള്‍ ബോയ് എന്ന വെബ് സീരീസിലെ ചുംബന രംഗത്തിന് എതിരെയാണ് കലാപം. കഥാപാത്രങ്ങള്‍ ക്ഷേത്ര പരിസരത്തുവെച്ച് ചുംബിക്കുന്നുവെന്നാണ് ആരോപണം. ഇത് ചൂണ്ടിക്കാട്ടി നെറ്റ്ഫ്‌ളിക്‌സിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയിരിക്കുകയാണ് ഇവര്‍.

ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് വിക്രം സേഥിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിന്റെ അതേ പേരിലുള്ള മിനി സീരീസ് രൂപമാണ് ഇത്. ബിബിസി ഐ പ്ലെയറില്‍ ജൂലൈയില്‍ സ്ട്രീം ചെയ്ത സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ചുംബനരംഗം ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഈ സീരീസിലുള്ളത് ഇന്ത്യാ വിരുദ്ധ സന്ദേശമാണെന്നുമാണ് വലതുപക്ഷ തീവ്രവാദികള്‍ ആരോപിക്കുന്നത്.

അതേസമയം ബഹിഷ്‌കരണ ആഹ്വാനത്തിന് എതിരെയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് ഉള്ളില്‍ വെച്ച് ഏഴു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയപ്പോള്‍ തോന്നാത്ത പ്രശ്‌നമാണ് ഇത്തരക്കാര്‍ ചുംബന രംഗത്തില്‍ കണ്ടെത്തുന്നതെന്നാണ് വിമര്‍ശനം.