ജമ്മു കാശ്മീരില്‍ പിടിയിലായ ഡിവൈഎസ്പി ഭീകരരില്‍ നിന്ന് വാങ്ങിയത് 12 ലക്ഷം

ജമ്മു കാശ്മീരില് ഭീകരന്മാര്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ ഡിവൈഎസ്പി തന്റെ ദൗത്യത്തിന് വാങ്ങിയത് 12 ലക്ഷം രൂപ.
 | 
ജമ്മു കാശ്മീരില്‍ പിടിയിലായ ഡിവൈഎസ്പി ഭീകരരില്‍ നിന്ന് വാങ്ങിയത് 12 ലക്ഷം

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരന്‍മാര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ ഡിവൈഎസ്പി തന്റെ ദൗത്യത്തിന് വാങ്ങിയത് 12 ലക്ഷം രൂപ. ബാനിഹാള്‍ തുരങ്കം കടത്തി വിടുന്നതിനാണ് ഭീകരരില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയതെന്ന് പോലീസ് അറിയിച്ചു. ഡിവൈഎസ്പി ദേവീന്ദര്‍ സിങ്ങാണ് ശനിയാഴ്ച ഭീകരര്‍ക്കൊപ്പം പിടിയിലായത്. പ്രാഥമിക ചോദ്യംചെയ്യലിലാണ് ഇയാള്‍ ഈ വിവരങ്ങള്‍ നല്‍കിയത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതിയില്‍നിന്ന് ധീരതയ്ക്കുള്ള മെഡല്‍ ഏറ്റുവാങ്ങിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ദേവീന്ദര്‍ സിങ്.

തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുള്ള മിര്‍ ബാസാറിലെ പൊലീസ് ബാരിക്കേഡില്‍ വച്ചാണ് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍ പിടിയിലായത്. ജമ്മുകശ്മീര്‍ പൊലീസ് തന്നെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ സെയ്ദ് നവീദ് മുഷ്താഖ്, റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഇയാള്‍ പിടിയിലായത്.

ഏറെക്കാലം പോലീസിലായിരുന്നയാളാണ് നവീദ് മുഷ്താഖ്. കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസില്‍ പ്രതിയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനാണ് ഇയാള്‍. ഡിവൈഎസ്പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു യാത്ര എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രണ്ട് ഭീകരരെ പൊലീസില്‍ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു ദേവീന്ദര്‍ അവകാശപ്പെട്ടത്.

എന്നാല്‍ ഇക്കാര്യം മേലുദ്യോഗസ്ഥര്‍ക്ക് അറിയുമായിരുന്നില്ല. പിടിയിലായ തീവ്രവാദികളെ ചോദ്യംചെയ്തതില്‍ നിന്ന് കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. കാറില്‍നിന്ന് ആയുധങ്ങളും ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിരുന്നു.