കാശ്മീരില്‍ കേന്ദ്രത്തിന് തിരിച്ചടി; നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി.
 | 
കാശ്മീരില്‍ കേന്ദ്രത്തിന് തിരിച്ചടി; നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഒരാഴ്ചക്കുള്ളില്‍ നിയന്ത്രണങ്ങളില്‍ പുനഃപരിശോധന വേണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കാശ്മീരിലെ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് നിരോധനം എന്നിവക്കെതിരെ ലഭിച്ച ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു കോടതി. ഇന്റര്‍നെറ്റ് മൗലികാവകാശമാണെന്നും അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി.

അതിനാല്‍ ഇന്റര്‍നെറ്റ് അനിശ്ചിത കാലത്തേക്ക് തടയാന്‍ കഴിയില്ല. ഇന്റര്‍നെറ്റ് നിരോധനം ടെലികോം നിയമങ്ങളുടെ ലംഘനമായതിനാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് ആര്‍.സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി.ആര്‍.ഗവായ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണെന്നും എല്ലാ നിയന്ത്രണങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കാശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് വിധി. ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അഞ്ച് മാസം പിന്നിടുമ്പോളാണ് സുപ്രീം കോടതിയുടെ വിധി.