ജെഎന്‍യുവിലെ ആക്രമണം ആസൂത്രിതം; വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്; അക്രമികളില്‍ ചിലരെ തിരിച്ചറിഞ്ഞു

ഞായറാഴ്ച രാത്രി ജെഎന്യു ക്യാമ്പസില് മുഖംമൂടി ധരിച്ച് വിദ്യാര്ത്ഥികളെ ആക്രമിച്ച സംഭവം ആസൂത്രിതമെന്ന് സൂചന.
 | 
ജെഎന്‍യുവിലെ ആക്രമണം ആസൂത്രിതം; വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്; അക്രമികളില്‍ ചിലരെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി ജെഎന്‍യു ക്യാമ്പസില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം ആസൂത്രിതമെന്ന് സൂചന. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് സംബന്ധിച്ച് ആശയവിനിമയം നടത്തുന്ന വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നു. ജെഎന്‍യുവിലെ ‘ദേശവിരുദ്ധരെ’ ഇല്ലാതാക്കണമെന്നും ക്യാമ്പസിലെ ഗേറ്റുകളില്‍ എന്ത് ചെയ്യണമെന്നചത് സംബന്ധിച്ചും ചാറ്റുകളില്‍ സൂചനയുണ്ട്. വിസി നമ്മുടെ ആളാണെന്നും ചാറ്റില്‍ പറയുന്നു. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്, യൂണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ നടന്ന ചാറ്റുകളാണ് പുറത്തു വന്നത്.

എബിവിപി പ്രവര്‍ത്തകര്‍ അംഗങ്ങളായ ഗ്രൂപ്പുകളാണ് ഇവ. ഹോസ്റ്റലുകളിലേക്കുള്ള വഴിയും ഈ ചാറ്റുകളില്‍ നല്‍കിയിട്ടുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തു നിന്നുള്ളവരും ജെഎന്‍യു ഹോസ്റ്റലില്‍ നടത്തിയ ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. അതേസമയം ക്യാമ്പസില്‍ നടന്ന ആക്രമണങ്ങളില്‍ പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ആക്രമണങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ പോലീസ് ക്യാമ്പസില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ പ്രതികളെ പിടിക്കാതെ ക്യാമ്പസില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നു.