ചൈനയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധം

ചൈനീസ് രഹസ്യാന്വേഷണ ഏജന്സിക്ക് സൈനിക വിവരങ്ങള് നല്കിയ മാധ്യമപ്രവര്ത്തകന് ആര്എസ്എസ് ബന്ധമെന്ന് റിപ്പോര്ട്ട്.
 | 
ചൈനയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധം

ന്യൂഡല്‍ഹി: ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിക്ക് സൈനിക വിവരങ്ങള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധമെന്ന് റിപ്പോര്‍ട്ട്. രാജീവ് ശര്‍മ എന്ന മാധ്യമപ്രവര്‍ത്തകനാണ് മറ്റു രണ്ടുപേര്‍ക്ക് ഒപ്പം കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്റെ സഹകാരിയാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിര്‍ത്തികളിലെ ഇന്ത്യന്‍ സൈനിക തന്ത്രങ്ങള്‍, ആയുധ സംഭരണം, സേനാ വിന്യാസം, വിദേശനയം തുടങ്ങിയവയില്‍ സുപ്രധാന രഹസ്യങ്ങള്‍ ചൈനീസ് ഏജന്‍സിക്ക് കൈമാറിയെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ ഇയാള്‍ ചൈനയിലെ ഗ്ലോബല്‍ ടൈംസിന് വേണ്ടിയും ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയും പ്രതിരോധ മേഖലയെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയിരുന്നു.

ചൈനീസ് യുവതിയായ ക്വിങ് ഷി, നേപ്പാള്‍ സ്വദേശി ഷേര്‍ സിങ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജീവ് ശര്‍മയുടെ അറസ്റ്റിന് പിന്നാലെ ഇയാള്‍ വിവേകാനന്ദ ഫൗണ്ടേഷന് വേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായും ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.