പെരിയാറിനെ വഞ്ചകനെന്നും റാസ്‌കല്‍ എന്നും വിളിച്ച് മാര്‍ക്കണ്ഡേയ കട്ജു; വന്‍ പ്രതിഷേധമുയര്‍ത്തി തമിഴകം

പെരിയാറിനെ അധിക്ഷേപിച്ച് സുപ്രീം കോടതി മുന് ജഡ്ജി മാര്ക്കണ്ഡേയ കട്ജു.
 | 
പെരിയാറിനെ വഞ്ചകനെന്നും റാസ്‌കല്‍ എന്നും വിളിച്ച് മാര്‍ക്കണ്ഡേയ കട്ജു; വന്‍ പ്രതിഷേധമുയര്‍ത്തി തമിഴകം

പെരിയാറിനെ അധിക്ഷേപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. വഞ്ചകനെന്നും റാസ്‌കല്‍ എന്നുമാണ് പെരിയാറിനെ കട്ജു ഫെയിസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. ദി വീക്കില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ലേഖനത്തിലും കട്ജു പെരിയാറിനെ വിമര്‍ശിച്ചിരുന്നു. പെരിയാറിന്റെ ലക്ഷ്യം എന്തുതന്നെ ആയാലും അദ്ദേഹം ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തതെന്നാണ് ലേഖനത്തില്‍ കട്ജു പറഞ്ഞത്. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് വിത്തുപാകിയ പെരിയാറിനെ അധിക്ഷേപിച്ചതില്‍ വന്‍ പ്രതിഷേധമാണ് കട്ജുവിനെതിരെ ഉയരുന്നത്.

സെപ്റ്റംബര്‍ 17നായിരുന്നു പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ 139-ാം ജന്മദിനം തമിഴ്‌നാട്ടില്‍ ആഘോഷിച്ചത്. 18-ാം തിയതി കട്ജുവിന്റെ ലേഖനം പുറത്തു വന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫെയിസ്ബുക്ക് പോസ്റ്റുകളില്‍ പെരിയാറിനെ അധിക്ഷേപിച്ച് കട്ജു രംഗത്തെത്തിയിരിക്കുന്നത്. വഞ്ചകനായ പെരിയാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നില്ല. തന്റെ പ്രസിദ്ധീകരണത്തില്‍ ഓഗസ്റ്റ് 15നെ കറുത്ത ദിനം എന്നാണ് പെരിയാര്‍ വിശേഷിപ്പിച്ചതെന്നും കട്ജു പറയുന്നു. പെരിയാറിനെ റാസ്‌കല്‍ എന്നാണ് കട്ജു വിളിച്ചത്. ഇതിനെതിരെ തമിഴ് പ്രൊഫൈലുകളില്‍ നിന്ന് നിരവധി പ്രതിഷേധ കമന്റുകള്‍ എത്തുന്നുണ്ട്.

ഓഗസ്റ്റ് 15നെ പെരിയാര്‍ കറുത്ത ദിനം എന്ന് വിശേഷിപ്പിച്ചത് ദളിത് ഹിന്ദുക്കളും അബ്രാഹ്മണരും ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്വാതന്ത്ര്യത്തിന് ശേഷവും നേരിട്ട പീഡനത്തിന്റെ പേരിലാണെന്ന് ചിലര്‍ വിശദീകരിക്കുന്നു. ഇക്കാര്യങ്ങള്‍ പതിനായിരം വട്ടമെങ്കിലും ദ്രാവിഡ നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ടെങ്കിലും നിങ്ങളെപ്പോലെയുള്ളവര്‍ പഴയ വാദങ്ങളില്‍ കടിച്ചു തൂങ്ങുകയാണെന്ന് കമന്റുകള്‍ പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പെരിയാറിന്റെ വാദങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നവയാണെന്നും ചിലര്‍ പറഞ്ഞു.

അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയും മദ്രാസ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള കട്ജു താന്‍ ഒരു തമിഴനാണെന്ന് പലപ്പോഴും അവകാശപ്പെട്ടിരുന്നു. എന്നാല്‍ അടുത്തിടെ ബംഗാളിനും തമിഴ്‌നാടിനും എതിരെ നിരവധി പരിഹാസ പോസ്റ്റുകള്‍ കട്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജാതി സംവരണത്തിന് എതിരെയും കട്ജു എഴുതിയിരുന്നു.

The British agent and traitor Periyar did not want freedom for India. So this rascal declared 15th August as a black dayin his journalPic sent to me by Meena Vishwanath of Chennai

Posted by Markandey Katju on Wednesday, October 7, 2020