ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ ചുട്ടുചാമ്പലാക്കുകയാണ്; പൗരത്വ ബില്ലില്‍ പ്രതികരിച്ച് കട്ജു

പാര്ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമര്ശിച്ച് ജസ്റ്റിസ് മാര്ക്കണ്ഡേയ കട്ജു.
 | 
ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ ചുട്ടുചാമ്പലാക്കുകയാണ്; പൗരത്വ ബില്ലില്‍ പ്രതികരിച്ച് കട്ജു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കാശ്മീരിനെപ്പോലെ അസം കത്തിയെരിയുകയാണ്. ആധുനിക നിറോമാര്‍ രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്നു. ഹനുമാന്‍ ലങ്ക മാത്രമാണ് ചുട്ടെരിച്ചത്. ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ ഒന്നാകെ ചുട്ട് ചാമ്പലാക്കുകയാണെന്ന് കട്ജു ഫെയിസ്ബുക്കില്‍ കുറിച്ചു. ആദ്യം കാശ്മീര്‍, ഇപ്പോള്‍ അസം, അടുത്തതായി എവിടെയാണ് ഇന്റര്‍നെറ്റ് വിലക്കാന്‍ പോകുന്നതെന്നും മറ്റൊരു ട്വീറ്റില്‍ കട്ജു ചോദിക്കുന്നു.

മുസ്ലീങ്ങളല്ലാത്ത പാക്, അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ അനുമതി നല്‍കുന്ന പൗരത്വ നിയമ ഭേദഗതിക്കാണ് രാജ്യസഭയുടെ അംഗീകാരം ഇന്നലെ ലഭിച്ചത്. നേരത്തേ ലോക്‌സഭ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പു വെക്കുന്നതോടെ നിയമമാകും. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ അനുവദിക്കുന്ന നിയമം ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു.

ബില്ലിനെതിരെ അസമിലും ത്രിപുരയിലും ജനങ്ങള്‍ തെരുവിലിറങ്ങിയാണ് പ്രതിഷേധിക്കുന്നത്. അസമില്‍ അനിശ്ചിത കാലത്തേത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും സംസ്ഥാനത്ത് നിര്‍ത്തിവെച്ചു.