ഹാഥ്‌റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 4 പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

ഹാഥ്റസ് പെണ്കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമപ്രവര്ത്തകന് ഉള്പ്പെടെ 4 പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു.
 | 
ഹാഥ്‌റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 4 പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഹാഥ്‌റസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 4 പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. അഴിമുഖം ലേഖകനും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനാണ് അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്.

ഡല്‍ഹിയില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ ചിലര്‍ ഹാഥ്‌റസിലേക്ക് വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്ന വിധത്തിലുള്ള ലഘുലേഖകളും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്നും പോലീസ് അവകാശപ്പെടുന്നു.

സംഭവത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഹാഥ്‌റസ് ടോള്‍ പ്ലാസയില്‍ നിന്ന് സിദ്ദിഖിനെ കസ്റ്റഡിയില്‍ എടുത്തതായി മനസിലാക്കുന്നുവെന്നും അദ്ദേഹവുമായി ബന്ധപ്പെടാന്‍ അഭിഭാഷകര്‍ക്ക് പോലും സാധിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. ഹാഥ്‌റസിലെ നിലവിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് സിദ്ദിഖ് അവിടേക്ക് പോയതെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും കത്ത് പറയുന്നു.