ഏപ്രില്‍ 5ന് വൈദ്യുത വിളക്കുകള്‍ അണച്ച് 9 മിനിറ്റ് ചെറിയ ദീപങ്ങള്‍ തെളിക്കണമെന്ന് പ്രധാനമന്ത്രി

ഏപ്രില് 5-ാം തിയതി രാത്രി ഒന്പത് മണി മുതല് ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകള് അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള് തെളിയിക്കണമെന്ന് പ്രധാനമന്ത്രി.
 | 
ഏപ്രില്‍ 5ന് വൈദ്യുത വിളക്കുകള്‍ അണച്ച് 9 മിനിറ്റ് ചെറിയ ദീപങ്ങള്‍ തെളിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏപ്രില്‍ 5-ാം തിയതി രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി. രാവിലെ 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. കൊറോണ ഭീഷണി ഇരുട്ട് നമ്മള്‍ ഇങ്ങനെ മായ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും. ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്ളാഷോ, മെഴുകുതിരിയോ ചിരാതുകളോ ഇതിനായി ഉപയോഗിക്കാം.

റോഡുകളില്‍ ആരും ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും മോദി പറഞ്ഞു. ലോക്ക്ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു. രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നു. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.