മഹാരാഷ്ട്ര ഇന്ന് സുപ്രീം കോടതിയില്‍; അല്‍പ സമയത്തിനകം ഹര്‍ജി പരിഗണിക്കും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള് ഇന്ന് സുപ്രീം കോടതിയില്.
 | 
മഹാരാഷ്ട്ര ഇന്ന് സുപ്രീം കോടതിയില്‍; അല്‍പ സമയത്തിനകം ഹര്‍ജി പരിഗണിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ ഇന്ന് സുപ്രീം കോടതിയില്‍. ദേവേന്ദ്രഫഡ്നാവിസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ലഭിച്ച ഹര്‍ജി അല്‍പ സമയത്തിനകം കോടതി പരിഗണിക്കും. 11.30നാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ 24 മണിക്കൂറിനുള്ളില്‍ ഫഡ്‌നാവിസിനോട് വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച ഗവര്‍ണര്‍ ഭഗത് സിങ് ഘോഷിയാരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം വെട്ടിക്കുറയ്ക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. നവംബര്‍ 30 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുണ്ട്. കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനുമുള്ള സമയം ഇതിലൂടെ ലഭിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കുന്നത് ഗവര്‍ണ്ണറുടെ വിവേചനാധികാരമാണെന്നതിനാല്‍ ഇതില്‍ കോടതി ഇടപെടാനുള്ള സാധ്യത കുറവാണ്. എന്നാല്‍ 24 മണിക്കൂറില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യം അംഗീകരിക്കുമെന്നാണ് കരുതുന്നത്.