ഗുജറാത്തിലെ വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികളുടെ പരാതി

അഹമ്മദാബാദിലെ വനിതാ കോളേജില് വിദ്യാര്ത്ഥിനികള്ക്ക് ആര്ത്തവ പരിശോധന നടത്തിയതായി പ്രിന്സിപ്പലിനെതിരെ പരാതി.
 | 
ഗുജറാത്തിലെ വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികളുടെ പരാതി

ഗാന്ധിനഗര്‍: അഹമ്മദാബാദിലെ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയതായി പ്രിന്‍സിപ്പലിനെതിരെ പരാതി. ശ്രീ സബഹജനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനികളാണ് പ്രിന്‍സിപ്പലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോളേജിന്റെ ഹോസ്റ്റലിന്റെ പൂന്തോട്ടത്തില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പലിന്റെയും നാല് അധ്യാപകരടുടെയും സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധന നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ഒരു ക്ഷേത്രത്തിന് സമീപമാണ് കോളേജും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്. 68 വിദ്യാര്‍ത്ഥിനികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. ഇവര്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റലിന്റെ അടുക്കളയില്‍ കയറുന്നുവെന്നും ക്ഷേത്രത്തിന് സമീപം പോകുകയും മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്യുന്നുവെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ ഇന്നലെ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് ഇറക്കി ശുചിമുറിയില്‍ ആര്‍ത്തവ പരിശോധന നടത്തിയത്.

ആര്‍്‌ക്കൊക്കെ ആര്‍ത്തവമുണ്ടെന്ന് പറയാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെടുകയും അതിലും തൃപ്തി വരാതെ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കോളേജ് ഡീന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍.