തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ബാധിക്കുന്നത് ലക്ഷങ്ങളെ, തൊഴിലില്ലായ്മ രൂക്ഷമാകും

ദാരിദ്ര്യ നിര്മാര്ജനം തന്നെയാണ് ബി.ജെ.പി സര്ക്കാരിന്റെ പദ്ധതിയെങ്കിലും ഇതിന് വേണ്ടി തൊഴിലുറപ്പ് തുടരില്ലെന്നായിരുന്നു നരേന്ദ്ര സിംഗിന്റെ വിശദീകരണം.
 | 
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ബാധിക്കുന്നത് ലക്ഷങ്ങളെ, തൊഴിലില്ലായ്മ രൂക്ഷമാകും

ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ബാധിക്കാന്‍ പോകുന്നത് ലക്ഷക്കണക്കിന് ആളുകളെ. ബുധനാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) തുടരാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം തന്നെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ പദ്ധതിയെങ്കിലും ഇതിന് വേണ്ടി തൊഴിലുറപ്പ് തുടരില്ലെന്നായിരുന്നു നരേന്ദ്ര സിംഗിന്റെ വിശദീകരണം.

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിതിയായിട്ടാണ് എം.ജി.എന്‍.ആര്‍.ഇ.ജി.എ അവതരിപ്പിക്കപ്പെടുന്നത്. കേരളത്തില്‍ ഉള്‍പ്പെടെയുള്ള നിരവധി തൊഴിലില്ലാത്തവര്‍ക്ക് പദ്ധതി ഗുണം ചെയ്തു. ആദ്യ മോദി സര്‍ക്കാര്‍ അഞ്ച് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് തൊഴിലുറപ്പ് പോലുള്ള ഗുണപ്രദമായ പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് മറ്റൊരു വസ്തുത.

തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായ മറ്റൊരു പദ്ധതി കൊണ്ടുവരുമെന്നാണ് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറയുന്നത്. എന്നാല്‍ പദ്ധതിയുടെ സ്വഭാവമോ നടപ്പിലാക്കുന്ന രീതിയെക്കുറിച്ചോ യാതൊരുവിധ സൂചനയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. ഒരു പദ്ധതി അവസാനിപ്പിക്കുമെന്ന് ആദ്യമേ വ്യക്തമാക്കുകയും പകരം പദ്ധതി പ്രഖ്യാപനം വൈകുകയും ചെയ്യുന്നത് ഉചിതമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മന്‍മോഹന്‍ സര്‍ക്കാരിന്റെ മിക്ക പദ്ധതികളും മോദി ഭരണകൂടം പേരുമാറ്റി ഉപയോഗിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവ വികാസങ്ങളെന്നതും ശ്രദ്ധേയമാണ്. തൊഴിലുറപ്പ് പദ്ധതിക്കായി ഇത്തവണ ബജറ്റില്‍ വകയിരുത്തിയ തുക വളരെ കുറവാണെന്ന് എം.പിമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇന്ത്യയുടെ ഗ്രാമങ്ങളില്‍ തൊഴിലില്ലാത്തവര്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതി ഇല്ലാതാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്നാണ് സൂചന. കൂടാതെ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട മികച്ച പദ്ധതികളിലൊന്നായിട്ടാണ് എം.ജി.എന്‍.ആര്‍.ഇ.ജി.എ വിലയിരുത്തപ്പെട്ടിരിക്കുന്നത്. സ്ത്രീകളാണ് കൂടുതലും പദ്ധതിയുടെ ഗുണഭോക്താക്കള്‍.