വെബ് സീരീസിലെ ചുംബനരംഗം; നെറ്റ്ഫ്‌ളിക്‌സിന് എതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്

സംഘപരിവാര് അനുകൂലികള് വിവാദമാക്കിയ വെബ് സീരീസിലെ ചുംബനരംഗത്തില് കേസെടുത്ത് മധ്യപ്രദേശ് പോലീസ്
 | 
വെബ് സീരീസിലെ ചുംബനരംഗം; നെറ്റ്ഫ്‌ളിക്‌സിന് എതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്

ഭോപ്പാല്‍: സംഘപരിവാര്‍ അനുകൂലികള്‍ വിവാദമാക്കിയ വെബ് സീരീസിലെ ചുംബനരംഗത്തില്‍ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ് സീരീസിലെ ക്ഷേത്ര പരിസരത്ത് വെച്ചുള്ള ചുംബന രംഗത്തിനെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയത്. ഈ രംഗം മതനിന്ദയാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കാട്ടി യുവമോര്‍ച്ച ദേശീയ സെക്രട്ടറി ഗൗരവ് തിവാരി പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍, പബ്ലിക് പോളിസീസ് ഡയറക്ടര്‍ അംബിക ഖുറാന തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നും മതനിന്ദ ഉണര്‍ത്തുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് പരാതിയല്‍ ആവശ്യപ്പെടുന്നത്. വെബ്‌സീരീസിലെ രംഗങ്ങള്‍ മതത്തെ അവഹേളിക്കുന്നതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചുംബന രംഗം ലൗ ജിഹാദ് ആണെന്നായിരുന്നു സംഘപരിവാര്‍ ഉന്നയിച്ച മറ്റൊരു ആരോപണം. നെറ്റ്ഫ്‌ളിക്‌സിനെതിരെ ബഹിഷ്‌കരണാഹ്വാനവും ഇതിനിടെ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് വിക്രം സേഥിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിന്റെ അതേ പേരിലുള്ള മിനി സീരീസ് രൂപം വിഖ്യാത സംവിധായിക മീര നായര്‍ ആണ് ഒരുക്കിയിരിക്കുന്നത്. ബിബിസി ഐ പ്ലെയറില്‍ ജൂലൈയില്‍ സ്ട്രീം ചെയ്ത സീരീസ് നെറ്റ്ഫ്ളിക്സില്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

ചുംബനരംഗം ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഈ സീരീസിലുള്ളത് ഇന്ത്യാ വിരുദ്ധ സന്ദേശമാണെന്നുമാണ് വലതുപക്ഷ തീവ്രവാദികള്‍ ആരോപിക്കുന്നത്.