കൊടുംകുറ്റവാളിയെ പിടിക്കാന്‍ വധുവായി ചമഞ്ഞ് പോലീസ് ഉദ്യോഗസ്ഥ

15ലേറെ കേസുകളില് പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കൊടുംകുറ്റവാളിയെ പിടിക്കാന് വധുവായി വേഷം മാറി വനിതാ സബ് ഇന്സ്പെക്ടര്.
 | 
കൊടുംകുറ്റവാളിയെ പിടിക്കാന്‍ വധുവായി ചമഞ്ഞ് പോലീസ് ഉദ്യോഗസ്ഥ

ഭോപ്പാല്‍: 15ലേറെ കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കൊടുംകുറ്റവാളിയെ പിടിക്കാന്‍ വധുവായി വേഷം മാറി വനിതാ സബ് ഇന്‍സ്‌പെക്ടര്‍. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഗരോളി പോലീസ് പോസ്റ്റ് ഇന്‍ ചാര്‍ജ് ആയ മാധവി അഗ്നിഹോത്രി എന്ന 28കാരിയാണ് വധുവായി ചമഞ്ഞ് കുറ്റവാളിയെ പിടികൂടിയത്. ബാല്‍കൃഷ്ണ ചൗബേ എന്ന ക്രിമിനലാണ് പിടിയിലായത്. ചൗബേയെ വിവാഹത്തിന് പ്രലോഭിപ്പിച്ച് ഒരു ക്ഷേത്രത്തിലേക്ക് വിളിച്ചു വരുത്തി കീഴടക്കുകയായിരുന്നു.

വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതിനായാണ് അയാള്‍ എത്താമെന്ന് ഏറ്റതെന്ന് മാധവി മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലുള്ള ക്ഷേത്രത്തില്‍ എത്താമെന്നാണ് ചൗബേ അറിയിച്ചത്. ഇവിടെ വിവാഹ വധുവിന്റെ വേഷത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എത്തി. ബൈക്കിലെത്തിയ ചൗബേയെ മാധവിയും മറഞ്ഞ് നില്‍ക്കുകയായിരുന്ന പോലീസുകാരും ചേര്‍ന്ന് കീഴടക്കി.

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമായി 15 ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ഛത്തര്‍പൂര്‍ ജില്ലയില്‍ ബിരേന്ദ്ര രാജ്പുത് എന്നയാളെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞതാണ് ചൗബേ. പലതവണ പോലീസിന്റെ പിടിയില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടിട്ടുണ്ട്.

ഇയാളുടെ ഫെയിസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പോലീസിന് ഫോട്ടോ ലഭിച്ചത്. പിന്നീട് ഇയാളുടെ മൊബൈല്‍ നമ്പറും പോലീസിന് ലഭിച്ചു. ഈ നമ്പറിലൂടെയാണ് മാധവി അഗ്നിഹോത്രി ഇയാളെ ബന്ധപ്പെട്ടത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന രാധയാണ് എന്ന് പരിചയപ്പെടുത്തി മാധവി വിളിക്കുന്നതിനിടയില്‍ ഇയാളുടെ ലൊക്കേഷന്‍ പോലീസിന് പല തവണ ലഭിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.