പൗരത്വ ബില്‍ പ്രതിഷേധം മറയ്ക്കാന്‍ രാഹുലിന്റെ പരാമര്‍ശത്തില്‍ ബഹളം വെച്ച് ഭരണപക്ഷം; ലോക്‌സഭയില്‍ ഇന്ന് നടന്നത്

ലോക്സഭയില് പ്രതിപക്ഷത്തിനെതിരെ ബഹളം വെച്ച് ഭരണപക്ഷം.
 | 
പൗരത്വ ബില്‍ പ്രതിഷേധം മറയ്ക്കാന്‍ രാഹുലിന്റെ പരാമര്‍ശത്തില്‍ ബഹളം വെച്ച് ഭരണപക്ഷം; ലോക്‌സഭയില്‍ ഇന്ന് നടന്നത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷത്തിനെതിരെ ബഹളം വെച്ച് ഭരണപക്ഷം. രാഹുല്‍ ഗാന്ധി നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിനെതിരെയാണ് ഭരണപക്ഷം ബഹളം വെച്ചത്. മേക്ക് ഇന്‍ ഇന്ത്യക്ക് പകരം റേപ്പ് ഇന്‍ ഇന്ത്യയാണ് എന്നാണ് രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. രാഹുല്‍ സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ബഹളം. കഴിഞ്ഞ ദിവസം പാസായ പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തെയാണ് രാഹുലിനെ ആക്രമിച്ചു കൊണ്ട് ഭരണപക്ഷം പ്രതിരോധിച്ചത്.

ബഹളത്തെത്തുടര്‍ന്ന് ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല. ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു. ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് സുപ്രധാന വിഷയം ലോക്‌സഭയിലെത്തുന്നത് തടയാന്‍ ഇതിലൂടെ ഭരണപക്ഷത്തിന് സാധിച്ചു. കേന്ദ്രമന്ത്രിമാരായ ബാബുല്‍ സുപ്രിയോ, സ്മൃതി ഇറാനി തുടങ്ങിയവരായിരുന്നു രാഹുലിനെതിരെ സഭയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവര്‍ക്കൊപ്പം മറ്റ് മന്ത്രിമാരും എംപിമാരും ചേരുകയായിരുന്നു.

സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ പൊതുമനോഭാവമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ പുറത്തു വരുന്നതെന്നും രാജ്യത്തെ സ്ത്രീകളെല്ലാം ബലാല്‍സംഗം ചെയ്യപ്പെടുകയാണോ എന്നാണോ രാഹുല്‍ പറയുന്നതെന്നുമാണ് സ്മൃതി ഇറാനി ചോദിച്ചത്. രാഹുല്‍ മാപ്പ് പറയണമെന്നും ശിക്ഷിക്കപ്പെടണമെന്നും ഇറാനി പറഞ്ഞു. അതേസമയം കനിമൊഴി രാഹുലിനെ പ്രതിരോധിച്ച് സംസാരിച്ചു. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യയില്‍ ഒന്നും നടക്കുന്നില്ലെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് നേരെ കുറ്റകൃത്യങ്ങള്‍ നിരന്തരം നടക്കുകയാണെന്നും കനിമൊഴി സഭയില്‍ പറഞ്ഞു.

ഭരണപക്ഷം സഭ തടസപ്പെടുത്തിക്കൊണ്ട് ബഹളമുണ്ടാക്കുന്ന അസാധാരണ കാഴ്ചയാണ് ഇന്ന് ലോക്‌സഭയിലുണ്ടായത്. ഇത് തടയാന്‍ തയ്യാറാകാതെ സ്പീക്കര്‍ മൗനം പാലിക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു. പതിവിന് വിപരീതമായി ബഹളം പൂര്‍ണ്ണമായും ലോക്‌സഭാ ടിവി സംപ്രേഷണം ചെയ്യുകയും ചെയ്തു.