ഹത്രാസ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ്

ഹത്രാസ് പെണ്കുട്ടി ബലാല്സംഗത്തിന് ഇരയായിട്ടില്ലെന്ന വാദവുമായി ഉത്തര് പ്രദേശ് പോലീസ്.
 | 
ഹത്രാസ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ്

ലഖ്‌നൗ: ഹത്രാസ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന വാദവുമായി ഉത്തര്‍ പ്രദേശ് പോലീസ്. ഫോറന്‍സിക് പരിശോധനാ ഫലം ഉദ്ധരിച്ചാണ് എഡിജിപി പ്രശാന്ത് കുമാര്‍ ഈ അവകാശവാദം ഉന്നയിച്ചത്. മൃതദേഹത്തില്‍ പുരുഷബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാതിസംഘര്‍ഷം ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അതിന് ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു. കഴുത്തിലേറ്റ പരിക്ക് മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും എഡിജിപി ചൂണ്ടിക്കാട്ടി.

കേസില്‍ തുടക്കം മുതല്‍ തന്നെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചതെന്ന പരാതി പെണ്‍കുട്ടിയുടെ കുടുംബം ഉയര്‍ത്തിയിരുന്നു. ദിവസങ്ങളോളം ശരിയായ ചികിത്സ ലഭിക്കാതിരുന്നതിലൂടെ ഉണ്ടായ അണുബാധയും തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. യുവതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഫോറന്‍സിക് പരിശോധനാ ഫലം വരട്ടെയെന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത്.

പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളെ പൂട്ടിയിട്ട് അര്‍ദ്ധരാത്രിയില്‍ കത്തിച്ചത് വിവാദമായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴികളെല്ലാം അടച്ച് കുടുംബത്തെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. മറ്റുള്ളവരുമായി കുടുംബാംഗങ്ങള്‍ ബന്ധപ്പെടുന്നത് പൂര്‍ണ്ണമായും തടഞ്ഞിരിക്കുകയാണ്.