നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ട്രെന്‍ഡിംഗ് ആയി ദേശീയ തൊഴിലില്ലായ്മാ ദിനം ക്യാംപെയിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനമായ ഇന്ന് സോഷ്യല് മീഡിയയില് ട്രെന്ഡിംഗ് ആയി ദേശീയ തൊഴിലില്ലായ്മാ ദിനം ക്യാംപെയിന്.
 | 
നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ട്രെന്‍ഡിംഗ് ആയി ദേശീയ തൊഴിലില്ലായ്മാ ദിനം ക്യാംപെയിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനമായ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി ദേശീയ തൊഴിലില്ലായ്മാ ദിനം ക്യാംപെയിന്‍. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, കടുത്ത സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയെക്കുറിച്ച് പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കാന്‍ പിറന്നാള്‍ ദിനം തെരഞ്ഞെടുക്കുകയായിരുന്നു സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ചില സംഘടനകളും. #17Sept17Hrs17Minutes, #NationalUnemploymentDay തുടങ്ങിയ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയത്.

പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ പ്രതിഷേധം നടന്നത്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ ജോലി നഷ്ടമാകുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം തൊഴില്‍ നഷ്ടമാകുന്നതിന്റെ നിരക്കില്‍ സാരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പത്തേക്കാള്‍ മോശം നിലയിലാണ്. ഈ പ്രതിസന്ധി തുടരുകയാണ്. ഏപ്രില്‍-ജൂണ്‍ കാലത്ത് രാജ്യത്തെ ജിഡിപി നിരക്ക് 23.9 ശതമാനം ഇടിഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകളും വ്യക്തമാക്കിയിരുന്നു. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.