ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല; ഇഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

കേസ് ദ്രുതഗതിയില് പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിഷയത്തില് ചീഫ് ജസ്റ്റിസിനെ സമീപിക്കുന്നുവെന്നും രമണ വ്യക്തമാക്കി.
 | 
ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല; ഇഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ല. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വിഷയം ഉച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ഉന്നയിച്ചേക്കും. ചീഫ് ജസ്റ്റിസ് അയോധ്യ കേസിന്റെ വാദവുമായി ബന്ധപ്പെട്ട് തിരക്കിലാണ്. ഇതേതുടര്‍ന്ന് ജസ്റ്റിസ് എന്‍.വി രമണയാണ് കേസ് പരിഗണിച്ചത്.

കേസ് ദ്രുതഗതിയില്‍ പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിഷയത്തില്‍ ചീഫ് ജസ്റ്റിസിനെ സമീപിക്കുന്നുവെന്നും രമണ വ്യക്തമാക്കി. അതേസമയം ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് സിബിഐ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ചിദംബരത്തിന്റെ വീട്ടില്‍ രണ്ട് തവണ സിബിഐ സന്ദര്‍ശനം നടത്തിയിരുന്നു. അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ ചിദംബരം ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്വാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചിദംബരത്തെ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചിദംബരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിനകം ഹാജരാകണം എന്ന് കാണിച്ച് സി.ബി.ഐ രാത്രി 12 മണിക്ക് വസതിക്ക് മുന്നില്‍ നോട്ടീസ് പതിച്ചത്. എന്നാല്‍ കോടതി നിലപാട് വ്യക്തമാക്കാത്ത സ്ഥിതിക്ക് അറസ്റ്റ് നടപടിയിലേക്ക് കടക്കരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ സിബിഐയെ അറിയിച്ചിട്ടുണ്ട്.